ന്യൂഡൽഹി : 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് അമേരിക്കൻ പ്രസിഡണ്ട് വിശിഷ്ടാതിഥിയായേക്കുമെന്ന് സൂചന. യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചു. ബൈഡനെ കൂടാതെ ക്വാഡ് നേതാക്കളും പ്രത്യേക അതിഥികളായി റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കും. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉൾപ്പെടുന്ന ഒരു തന്ത്രപരമായ സുരക്ഷാ ചർച്ചകൾക്കുള്ള ഗ്രൂപ്പാണ് ക്വാഡ് എന്നറിയപ്പെടുന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ക്ഷണം ലഭിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി സ്ഥിരീകരിച്ചു. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിൽ യുഎസ് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉഭയകക്ഷി യോഗത്തിലാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ബൈഡനെ ക്ഷണിച്ചത്.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരടങ്ങുന്ന ക്വാഡ് ഗ്രൂപ്പിന്റെ നേതാക്കൾക്കും 2024ലെ റിപ്പബ്ലിക് ദിനചടങ്ങിന് പ്രത്യേക ക്ഷണമുണ്ട്. എന്നാൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന്റെ അതേ ദിവസം തന്നെയാണ് ഓസ്ട്രേലിയയുടെ ദേശീയ ദിനം എന്നുള്ളതിനാൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ഇന്ത്യയിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് സൂചന.
Discussion about this post