ഇസ്ലാമാബാദ്: ജി 20 ഉച്ചകോടിയ്ക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച ഇന്ത്യയ്ക്ക് പ്രശംസയുമായി മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയെ പുകഴ്ത്തിയ മുൻപാകിസ്താൻ പ്രധാനമന്ത്രി പാകിസ്താനെ നഖശിഖാന്തം വിമർശിച്ചു. പാകിസ്താൻ മറ്റ് രാജ്യങ്ങളോട് പണത്തിനായി കേഴുമ്പോൾ ഇന്ത്യ ചന്ദ്രനിൽ എത്തുകയും ജി 20 യ്ക്ക് വിജയകരമായി ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന്, ഇന്ത്യ ചന്ദ്രനിൽ എത്തുകയും ജി 20 മീറ്റിംഗുകൾ നടത്തുമ്പോൾ പാക് പ്രധാനമന്ത്രി രാജ്യങ്ങൾ തോറും ഭിക്ഷ യാചിക്കുന്നു. എന്തുകൊണ്ട് പാകിസ്ഥാന് ഇന്ത്യ ചെയ്ത നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ല. ആരാണ് ഇവിടെ ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്താന്റെ സാമ്പത്തിക സ്ഥിതിയെ വിമർശിച്ച ഷെരീഫ്, ”നമ്മുടെ രാജ്യത്തോട് ഇത് ചെയ്തവരാണ് ഏറ്റവും വലിയ കുറ്റവാളികൾ” എന്ന് കുറ്റപ്പെടുത്തി.
അടൽ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ, അവരുടെ ഖജനാവിൽ ഒരു ബില്യൺ ഡോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, അവരുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളറായി ഉയർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ അഭിനന്ദിച്ച ഷരീഫ്, അതിനെ പാകിസ്താനുമായി താരതമ്യപ്പെടുത്തി, മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഫണ്ട് ചോദിച്ച് ഭിക്ഷാപാത്രവുമായി ബെയ്ജിംഗിലേക്കും അറബ് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്കും പോകേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി. പാകിിസ്താൻ കടങ്ങൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുമെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post