ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ, ഖലിസ്ഥാന്‍ ഭീകരവേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഖ്ബീര്‍ സിങ് ലാന്‍ഡ, പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഹര്‍വീന്ദര്‍ സിങ് റിന്‍ഡ എന്നിവരുള്‍പ്പെടെ അഞ്ച് ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ (ബികെഐ) എന്ന നിരോധിത ഖലിസ്ഥാന്‍ സംഘടനയിലെ ഭീകരരാണ് ഇവര്‍ അഞ്ച് പേരും.
ലാന്‍ഡയെയും റിന്‍ഡയെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതവും, മറ്റു ബികെഐ ഭീകരരായ പര്‍മീന്ദര്‍ സിംഗ് കൈര എന്ന പട്ടു, സത്നാം സിങ് എന്ന സത്ബീര്‍ സിംഗ്, യദ്വീന്ദര്‍ സിംഗ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ വീതവുമാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാനും പഞ്ചാബില്‍ ഭീകരത പടര്‍ത്താനും ലക്ഷ്യമിട്ടാണ് ബികെഐയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ അഞ്ച് ഭീകരരെ തിരയുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇവരെ സംബന്ധിച്ച വിവരം ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനവുമായോ ചണ്ഡീഗഡിലെ എന്‍ഐഎ ബ്രാഞ്ച് ഓഫിസുമായോ പങ്കിടാം. ഇതിനായി ടെലിഫോണ്‍, വാട്‌സാപ് നമ്പറുകളും ഏജന്‍സി നല്‍കിയിട്ടുണ്ട്.
ഖലിസ്ഥാന്‍ ഭീകരസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 43 പേരുടെ വിവരങ്ങള്‍ ബുധനാഴ്ച പുറത്തുവിട്ടിരുന്നു. ലോറന്‍സ് ബിഷ്‌ണോയി, ജസ്ദീപ് സിങ്, കല ജതേരി, വിരേന്ദര്‍ പ്രതാപ്, ജോഗീന്ദര്‍ സിങ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ഈ പട്ടികയിലുണ്ട്. ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറണമെന്നും ജനങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു. ഇവര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങള്‍, വ്യവസായം, മറ്റ് ആസ്തികള്‍, സുഹൃത്തുക്കളും ബന്ധുക്കളും വഴി നിയന്ത്രിക്കുന്ന വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം. ഈ വിവരങ്ങള്‍ കൈമാറാനുള്ള വാട്‌സാപ് നമ്പറും എന്‍ഐഎ നല്‍കിയിട്ടുണ്ട്.
NIA INTENSIFIES CRACKDOWN ON KHALISTANI TERRORISTS OPERATING IN INDIA
ANNOUNCES CASH REWARD FOR INFO ON BKI TERRORISTS RINDA, LANDA & 3 OTHERS pic.twitter.com/nPWflc2j4s— NIA India (@NIA_India) September 20, 2023
കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും അവിടേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
Discussion about this post