തിരുവനന്തപുരം : എൽ ഡി എഫ് സർക്കാർ കേരളത്തിൽ കെ റെയിൽ കൊണ്ടുവന്നതുകൊണ്ടാണ് കേന്ദ്രസർക്കാർ വന്ദേ ഭാരത് കൊണ്ടുവന്നതെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. അല്ലെങ്കിൽ ഇവിടെ വന്ദേ ഭാരത് വരില്ലായിരുന്നു എന്നും ജയരാജൻ പറഞ്ഞു. കടം വാങ്ങിയാണെങ്കിലും കേരളത്തിൽ വികസനങ്ങൾ നടത്തും. അതിലൂടെ ബാധ്യതകൾ എല്ലാം സർക്കാർ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം തുടരുന്ന അവഗണനയ്‌ക്കെതിരെ ഇടതുമുന്നണി നടത്തുന്ന സത്യഗ്രഹ സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്പത്തികമായി വെല്ലുവികൾ നേരിടുന്നൊരു സംസ്ഥാനമാണ്. ബി ജെ പി യോടൊപ്പം ചേർന്ന് യു ഡി എഫും വികസനങ്ങൾക്ക് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏഴര വർഷമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ യു ഡി എഫ് സഹകരിക്കുന്നില്ല. കേരളത്തിലെ വികസനങ്ങൾ തടയാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്നാണ് എ ജി (അക്കൗണ്ടന്റ് ജനറൽ) പറയുന്നത്. അദ്ദേഹം രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ പറയുന്നത്. റിപ്പോർട്ട് സമർപ്പിക്കേണ്ട ആൾക്ക് പത്രസമ്മേളനം വിളിച്ചുകൂട്ടാനുള്ള അവകാശം ഇല്ലെന്നും ജയരാജൻ പറഞ്ഞു. നിയമനിർമ്മാണം നടത്തേണ്ട ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ല. ബി ജെ പി നയങ്ങളുടെ ഭാഗമായതുകൊണ്ടാണ് ഗവർണർ ഇങ്ങനെ ചെയ്യുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post