വിന്നിപെഗ് : ഖാലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിംഗിന്റെ കൊലപാതകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാ സംഘങ്ങളായ ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും ഏറ്റെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുഖാ ദൂനെക്ക് എന്നറിയപ്പെട്ടിരുന്ന സുഖ്ദൂല്‍ സിംഗ് ദാവീന്ദര്‍ ബാംബിഹ സംഘത്തിലെ നേതാവാണ്. ഇന്നലെയാണ് ഇയാളെ കാനഡയിലെ വിന്നിപെഗില്‍ വച്ച് അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം തിരയുന്ന ഭീകര പട്ടികയില്‍ ഉള്‍പ്പട്ടിരുന്ന കൊടും കുറ്റവാളികളില്‍ ഒരാളാണ് സുഖദൂല്‍ സിംഗ്. ഇയാള്‍ അടങ്ങിയ കുറ്റവാളികളുടെ വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകമാണ് സുഖ്ദൂല്‍ കൊല്ലപ്പെടുന്നത്.
ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഗുര്‍ലാല്‍ ബ്രാര്‍, വിക്കി മിദ്ദുഖേദ് എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സുഖ്ദൂല്‍ സിംഗ് ആണെന്നും മറ്റ് സംഘാംഗങ്ങളെ കൊലപ്പെടുത്താന്‍ ഇയാള്‍ ഗൂഢാലോചന നടത്തിയെന്നും ലോറന്‍സ് ബിഷ്ണോയി സംഘം പുറത്ത് വിട്ട സന്ദേശത്തില്‍ ആരോപിക്കുന്നു. സംഘാംഗങ്ങളെ ആരെങ്കിലും ലക്ഷ്യമിട്ടാല്‍ സമയമെടുത്താലും പ്രതികാരം ചെയ്യുമെന്നാണ് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ മുന്നറിയിപ്പ്.
‘പണത്തിനോടുള്ള ആര്‍ത്തിയില്‍ ഈ ഹെറോയിന്‍ അടിമ നിരവധി കുടുംബങ്ങള്‍ക്ക് ദോഷം വരുത്തിയിട്ടുണ്ട്. നമ്മുടെ സഹോദരങ്ങളായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്ദുഖേദയെയും കൊലപ്പെടുത്താന്‍ രാജ്യത്തിന് പുറത്ത് ഇരുന്ന് ഇയാള്‍ ഗൂഢാലോചന നടത്തി. സന്ദീപ് നംഗലിന്റെ കൊലപാതകത്തിലും ഇയാള്‍ ഗൂഢാലോചന നടത്തി. അവന്‍ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ കിട്ടി. ഞങ്ങള്‍ നിങ്ങളോട് ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ശത്രുക്കളായ ശേഷം, നിങ്ങള്‍ ഏത് രാജ്യത്ത് പോയാലും, നിങ്ങള്‍ ഏത് രാജ്യത്ത് ഒളിച്ചാലും നിങ്ങള്‍ക്ക് രക്ഷയില്ല, കുറച്ച് സമയമെടുത്തേക്കാം, പക്ഷേ എല്ലാവരും ശിക്ഷിക്കപ്പെടും’, ലോറന്‍സ് ബിഷ്ണോയി സംഘം ഫേസ്ബുക്കില്‍ കുറിച്ചു.
മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ അഹമ്മദാബാദില്‍ ജയിലിലാണ്. കൂടാതെ, പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
അതേസമയം, ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മുഖ്യ പ്രതിയാണ് ഗോള്‍ഡി ബ്രാര്‍. 2022 മെയ് 29 ന് മാന്‍സ ജില്ലയില്‍ വെച്ചാണ് സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ശ്രീ മുക്ത്‌സര്‍ സാഹിബില്‍ നിന്നുള്ള ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത് സിംഗ്, 2017 ല്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് താമസം മാറുകയായിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രമുഖനെന്ന നിലയില്‍ ഇയാള്‍ കുപ്രസിദ്ധനാണ്.
Discussion about this post