തിരുവനന്തപുരം : ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് മിച്ചഭൂമി സ്വന്തമാക്കിയെന്ന കേസിൽ ഇടതുമുന്നണി നേതാവും നിലമ്പൂർ എംഎൽഎയുമായ പി. വി. അൻവറിന് തിരിച്ചടി. പി. വി. അൻവറിൻ്റെ കൈവശമുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയാണെന്ന് വ്യക്തമായതായി ലാൻഡ് ബോർഡ്. സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട് നൽകി.
അന്‍വര്‍ ക്രമക്കേട് കാട്ടി ഭൂപരിധി നിയമം മറികടന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ അൻവർ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി വ്യാജ രേഖകൾ നിര്‍മിച്ചെന്നും റിപ്പോർട്ട് പറയുന്നു.
അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതിലും ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പി.വി അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ എന്നിവരുൾപ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്. റിപ്പോർട്ട് സംബന്ധിച്ച് ഏതെങ്കിലും തരത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാനായി അൻവറിന് ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോൾ ലാൻഡ് ബോർഡിന്റെ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
പരാതിക്കാരനായ പി.വി. ഷാജി ലാന്‍ഡ് ബോർഡിനു മുമ്പിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചിരുന്നു.
34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകളും സമർപ്പിച്ചിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് അൻവറും കുടുംബവും ചേർന്ന് 19.26 ഏക്കർ ഭൂമി അധികമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.












