ന്യൂഡൽഹി: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ജയ പാണ്ഡെയ്ക്ക് വധ ഭീഷണി. സന്ദേശം ലഭിച്ചതിന് പിന്നാലെ അദ്ദേഹം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബിജെപി നേതാവ് നബ ദാസിനുണ്ടായ അതേ ഗതി ജയ പാണ്ഡെയ്ക്കും ഉണ്ടാകുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം ലഭിച്ച വിവരം പത്രക്കുറിപ്പിലൂടെയായിരുന്നു ജയ പാണ്ഡെയുടെ ഓഫീസ് അറിയിച്ചത്.
ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ജയ പാണ്ഡയ്ക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ ലഭിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം അതിക്രൂരമായി കൊല്ലപ്പെട്ട ഒഡീഷ ക്യാബിനറ്റ് മന്ത്രി നബ ദാസിന്റെ ഗതിയായിരിക്കും ഉണ്ടാകുക എന്നായിരുന്നു ഭീഷണി. വിളിച്ചയാൾ പേരോ മറ്റ് വിവരങ്ങളോ പങ്കുവച്ചിരുന്നില്ല. വ്യാജ ഭീഷണിയാണ് ലഭിച്ചതെന്ന് കരുതുന്നില്ല. ഇത്തരം സന്ദേശങ്ങൾ തള്ളിക്കളയാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. അതിനാൽ പോലീസിൽ പരാതി നൽകിയെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം ഖാലിസ്ഥാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്ന സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post