ന്യൂഡൽഹി : ട്രെയിൻ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം ഇന്ത്യൻ റെയിൽവേ പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഈ പുതിയ നടപടിക്ക് രാജ്യമെങ്ങുനിന്നും കയ്യടികൾ ഉയരുകയാണ്. ഇനിമുതൽ ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്കും പരിക്ക് പറ്റുന്നവർക്കും ഇതുവരെ ലഭിച്ചിരുന്ന തുകയുടെ 10 മടങ്ങ് അധികം തുക ലഭിക്കുന്നതാണ്.
നിലവിൽ ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം 50,000 രൂപയായിരുന്നു. ഇത് 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ അപകടങ്ങളിൽ പരിക്ക് പറ്റുന്നവർക്കുള്ള നഷ്ടപരിഹാരം 25,000ത്തിൽ നിന്നും രണ്ടര ലക്ഷമായും ഉയർത്തി. നിസ്സാര പരിക്കുകൾ ഏൽക്കുന്നവർക്കുള്ള നഷ്ടപരിഹാരം 5000 രൂപയിൽ നിന്നും 50000 ആക്കി മാറ്റിയിട്ടുണ്ട്.
2013ൽ പരിഷ്കാരം വരുത്തിയ നഷ്ടപരിഹാരതുകകളിലാണ് റെയിൽവേ ഇപ്പോൾ സമ്പൂർണ്ണ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 30 ദിവസത്തിലധികം രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, പ്രതിദിനം 3000 രൂപ വരെ നൽകും. റെയിൽവേയുടെ ഭാഗത്തുനിന്നുമുള്ള ഏതെങ്കിലും അനാസ്ഥ മൂലം കാവൽ ഉള്ള ലെവൽ ക്രോസുകളിൽ അപകടം ഉണ്ടായാൽ നൽകിവരുന്ന തുകയും വർധിപ്പിച്ചിട്ടുണ്ട്.
Discussion about this post