മുംബൈ: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസിന്റെ വില്‍പന ഇന്ന് തുടങ്ങി. ആദ്യ ദിവസം തന്നെ ഐഫോണ്‍ 15 സീരീസ് സ്വന്തമാക്കാനുള്ള മത്സരത്തിലാണ് ഇന്ത്യയിലെ ഐഫോണ്‍ ആരാധകര്‍. ഇതിനായി പുലര്‍ച്ചെ മുതല്‍ വന്‍ ജനക്കൂട്ടമാണ് ഇന്ത്യയിലെ ഐഫോണ്‍ സ്‌റ്റോറുകള്‍ക്ക് മുന്‍പില്‍ കാണപ്പെടുന്നത്. ഐഫോണ്‍ 15 സീപീസ് ആദ്യം സ്വന്തമാക്കാനായി മുംബൈ, ഡല്‍ഹി സ്റ്റോറുകളില്‍ വെളുപ്പിനെ നാല് മുതലാണ് ആളുകള്‍ വരി നില്‍ക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലേ ദിവസം തന്നെ എത്തിയവരാണ് ഇതില്‍ പലരും. സെപ്തംബര്‍ 15 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും നേരിട്ട് വാങ്ങാന്‍ വന്‍ ജനതിരക്കാണ് ഓരോ ആപ്പിള്‍ സ്റ്റോറിലും അനുഭവപ്പെടുന്നത്. മുംബൈയിലെ ബികെസിയിലാണ് ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കമിട്ടത്. ഇവിടെ നിന്ന് തന്നെ ആദ്യം ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. ഇതിനായി 17 മണിക്കൂറോളം വരി നില്‍ക്കുകയാണ് പലരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ഇക്കൂട്ടത്തിലുണ്ട്. ഡല്‍ഹിയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നിലും സ്ഥിതി വ്യത്യസ്തമല്ല.
ഇതാദ്യമായാണ് ഐഫോണ്‍ സീരിസ് പുറത്തിറക്കിയ ദിവസം തന്നെ ഇന്ത്യയിലും വില്‍പ്പന ആരംഭിക്കുന്നത്. മേയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ഐഫോണ്‍ സീരീസാണാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും നല്‍കി ഫോണുകള്‍ വാങ്ങാനാവും. ഇങ്ങനെ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും സ്റ്റോറുകളില്‍ നേരിട്ടെത്തി ഐഫോണ്‍ വാങ്ങാം. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പനയ്ക്കുള്ളത്.
6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതിന് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഐഫോണ്‍ 15 നും 15 പ്ലസിനും യഥാക്രമം 79,900 രൂപ, 89,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോയും, 15 പ്രോ മാക്‌സും 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഓപ്ഷനുകളില്‍ ലഭ്യമാണ്.
ബ്ലാക്ക് ടൈറ്റേനിയം, വൈറ്റ് ടൈറ്റേനിയം, ബ്ലൂ ടൈറ്റേനിയം, നാച്വറല്‍ ടൈറ്റേനിയം കളര്‍ ഓപ്ഷനുകളാണ് പ്രോ മോഡലുകള്‍ക്കുണ്ടാവുക. 1,34,900 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോയ്ക്ക് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളുണ്ടാവും. 1,59,900 രൂപയില്‍ വില ആരംഭിക്കുന്ന 15 പ്രോ മാക്‌സിന് 256 ജിബി, 512ജി 1 ടിബി വേരിയന്റുകളുമാണ് ഉണ്ടാവുക.
Discussion about this post