ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ എല്ലാവരും ചേർന്ന് വേട്ടയാടുകയാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ഉദയനിധി സ്റ്റാലിൻ കൊച്ചുകുട്ടിയാണെന്നാണ് കമൽഹാസന്റെ വാദം. ബിജെപിയുടെയോ മറ്റേതെങ്കിലും സംഘടനയുടെയോ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ ഇന്ന് ഒരു കൊച്ചുകുട്ടിയെ എല്ലാവരും ചേർന്ന് ലക്ഷ്യമിടുകയാണെന്നാണ് കമൽഹാസൽ പറഞ്ഞത്.
സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമർശത്തിൽ പുതുമയൊന്നുമില്ലെന്നും, ഉദയനിധിയുടെ മുത്തച്ഛനായ എം കരുണാനിധിയും ഇതേക്കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ടെന്നും കമൽഹാസൻ പറയുന്നു. ”സാമൂഹിക അനാചാരങ്ങളോടുള്ള രോഷം പെരിയാറിൽ നിന്നാണ് മനസിലാക്കിയത്. കാശിയിൽ വെച്ച് പൂജ നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷേ പിന്നീട് അതെല്ലാം ഉപേക്ഷിച്ച് തന്റെ ജീവിതം ജനസേവനത്തിനായി സമർപ്പിച്ചു. സനാതന ധർമ്മത്തെക്കുറിച്ച് പെരിയാറിൽ നിന്നാണ് ഞങ്ങളെല്ലാം മനസിലാക്കിയത്. പെരിയാറിനെ തമിഴ്‌നാട്ടിലെ എല്ലാവരും തങ്ങളുടെ നേതാവായി കാണണമെന്നും” കമൽഹാസൻ പറയുന്നു
Discussion about this post