ഇന്ത്യയ്‌ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ കാനഡയെ വലിയ അപകടത്തിലേക്കാണ് നയിച്ചതെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കാനഡയേയും ഇന്ത്യയേയും ചൂണ്ടിക്കാട്ടി ഏതെങ്കിലും ഒരു രാജ്യത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അമേരിക്ക തീർച്ചയായും ഇന്ത്യയെ മാത്രമേ തിരഞ്ഞെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. കാനഡയേക്കാൾ തന്ത്രപരമായ പ്രാധാന്യം ഇന്ത്യയ്ക്കാണ് കൂടുതൽ. ഇന്ത്യയ്‌ക്കെതിരായ കാനഡയുടെ നീക്കങ്ങൾ ആനയ്ക്ക് മുന്നിൽ ഉറുമ്പ് നിൽക്കുന്നത് പോലെയാണെന്നും മൈക്കൽ പറയുന്നു.
‘കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വലിയൊരു തെറ്റ് ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്. കാരണം ഒരിക്കലും മുന്നോട്ട് കൊണ്ടുപോകാൻ തരത്തിലുള്ള ആരോപണങ്ങളാണ് ട്രൂഡോ ഇന്ത്യക്കെതിരെ ഉയർത്തുന്നത്. ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാനുള്ള ഒരു തെളിവും കാനഡയുടെ പക്കലില്ല. പക്ഷേ മറ്റൊരു കാര്യമുണ്ട്, നിജ്ജാർ ഒരു തീവ്രവാദിയാണ്. കാനഡയിലെ ഈ സർക്കാർ ഒരു തീവ്രവാദിക്ക് അഭയം നൽകിയത് എന്തുകൊണ്ടാണെന്ന് ട്രൂഡോ വിശദീകരിക്കേണ്ടതുണ്ട്.
‘രണ്ട് സുഹൃത്തുക്കളിൽ ഒരാളെ മാത്രം തിരഞ്ഞെടുത്ത് മുന്നോട്ട് പോകാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങനെ നിർബന്ധിതമായ ഒരു സാഹചര്യം ഉണ്ടായാൽ തീർച്ചയായും ഇന്ത്യയെ മാത്രമായിരിക്കും തിരഞ്ഞെടുക്കുന്നത്. ഇന്ത്യ അമേരിക്കയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഘടകമാണ്, ആ ബന്ധവും അമേരിക്കയ്ക്ക് വളരെ പ്രധാനമാണെന്നും” മൈക്കൽ വ്യക്തമാക്കി.








