കോഴിക്കോട്: പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച 19 കാരനെതിരെ കാപ്പ ചുമത്തും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്താൻ തീരുമാനിച്ചത്. മോഷണ കേസിൽ പിടിയിലായ മുഹമ്മദ് തായിഫിനെതിരെയാണ് കാപ്പ ചുമത്തുക.
കഴിഞ്ഞ ദിവസമാണ് 19 കാരനെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. ദീർഘനേരം നീണ്ട സംഘട്ടത്തിനൊടുവിൽ ആയിരുന്നു ഇയാളെ പിടികൂടിയത്. ഇതിനിടെ പോലീസുകാരിൽ നിന്നും രക്ഷപ്പെടാൻ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സന്ദീപിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം രക്ഷപ്പെട്ട് ഓടിയ തായിഫിനെ മാനാഞ്ചിറയിൽ കാട് മൂടിക്കിടക്കുന്ന കെട്ടിടത്തിൽ നിന്നാണ് പിടികൂടിയത്.
അറസ്റ്റിന് ശേഷം നടത്തിയ അന്വേഷണത്തിൽ തായിഫിനെതിരെ 21 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളാണെന്നും വ്യക്തമായി. ഇതോടെ കാപ്പ ചുമത്താൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് തായിഫും കൂട്ടാളികളായ അക്ഷയ് കുമാർ, മുഹമ്മദ് ഷിഫാൽ എന്നിവർ ചേർന്ന് പൾസർ ബൈക്ക് മോഷ്ടിച്ചത്.
Discussion about this post