തൃശ്ശൂർ: അയ്യന്തോൾ സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂർ ബാങ്കിൽ നടന്നതിനേക്കാൾ വലിയ തട്ടിപ്പെന്ന് അനിൽ അക്കരെ എംഎൽഎ. 100 കോടിയോളം രൂപ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
അയ്യന്തോൾ സഹകരണ ബാങ്കിൽ നിന്നും 100 കോടിയോളം തട്ടിയെടുത്തിട്ടുണ്ട്.ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. കരുവന്നൂർ സഹകര ബാങ്കിൽ ഉണ്ടായതിനെക്കാൾ വലിയ തട്ടിപ്പാണ് ഇവിടെ നടന്നത് എന്നും അനിൽ അക്കരെ പറഞ്ഞു.
ചിറ്റിലപ്പള്ളി സ്വദേശിയായ അധ്യാപികയുടെയും തഹസീൽദാരുടെയും ഭൂമി 75 ലക്ഷത്തിന് പണയം വച്ചു. പക്ഷേ 25 ലക്ഷം മാത്രമാണ് ഇവർക്ക് കിട്ടിയത്. മലപ്പുറം സ്വദേശി അബൂബക്കറാണ് ലോണിനായി ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ നൽകിയത്. ഈ ലോണിന് ഇപ്പോൾ ഇവർക്ക് ഒന്നര കോടി രൂപ കുടിശ്ശികയായി. തൃശൂരിലെ പിനാക്കിൾ എന്ന ഫ്‌ളാറ്റിലെ വിലാസങ്ങളിൽ 40 ലേറെ ലോൺ എടുത്തിട്ടുണ്ടെന്നും അനിൽ അക്കര വ്യക്തമാക്കി.












