തിരുവനന്തപുരം: മദ്യപിക്കാൻ കൂടെ വരാതിരുന്ന യുവാവിന്റെ കാലുകൾ സുഹൃത്തുക്കൾ ചേർന്ന് അടിച്ചൊടിച്ചു. ശംഖുമുഖം സ്വദേശി റോയി വിൻസെന്റിനാണ് പരിക്കേറ്റത്. സംഭവത്തിൽ റോയിയുടെ സുഹൃത്തുക്കളായ കരുൺ, ഹെനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കരുണിന്റെ വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു ഇരുവരും ചേർന്ന് റോയിയെ മർദ്ദിച്ചത്. മദ്യപിക്കാൻ വിളിച്ചപ്പോൾ റോയി തിരക്ക് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്. തുടർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ ഗുരുതരമായി റോയിക്ക് പരിക്കേറ്റു. തുടർന്ന് മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റോയിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.











