അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമായ സ്വാമി നാരായണ ടെംപിൾ അടുത്ത മാസം ഭക്തർക്കായി തുറക്കാനൊരുങ്ങുന്നു. ന്യൂജേഴ്സിയിലെ ടൈംസ് സ്‌ക്വയറിന് സമീപത്തായാണ് ബിഎപിഎസ് സ്വാമിനാരായണ അക്ഷർധാം നിർമ്മിച്ചിരിക്കുന്നത്. അടുത്ത മാസം എട്ടാം തിയതിയാണ് ക്ഷേത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. പതിനെട്ടാം തിയതി മുതലാണ് ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറന്ന് നൽകുന്നത്.
183 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്രം 12 വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12,500ലധികം സന്നദ്ധപ്രവർത്തകർ ഈ ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായി. 500 ഏക്കറിലായി പരന്നുകിടക്കുന്ന കംബോഡിയയിലെ അങ്കോർവാട്ടിന് ശേഷം ഏറ്റവും കൂടുതൽ വിസ്തൃതിയിലുള്ള രണ്ടാമത്തെ ക്ഷേത്രമാണിത്. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം 100 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ സംസ്‌കാരത്തെ വ്യക്തമാക്കുന്ന ചിത്രപ്പണികളാൽ അലംകൃതമാണ് ഈ ക്ഷേത്രം. വാദ്യോപകരണങ്ങൾ, നൃത്തരൂപങ്ങൾ, പതിനായിരത്തിലധികം ശിൽപ്പങ്ങൾ തുടങ്ങിയ കൊത്തുപണികളാണ് ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തുമായി നിറഞ്ഞു നിൽക്കുന്നത്.
പ്രധാന ആരാധനാലയത്തിന് പുറമെ ക്ഷേത്രത്തിന് 12 ഉപക്ഷേത്രങ്ങളും ഉണ്ട്. ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ്, പിങ്ക് സാൻഡ്‌റോക്ക്, മാർബിൾ എന്നിവയാണ് ക്ഷേത്രനിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യ, തുർക്കി, ഗ്രീസ്, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവ എത്തിച്ചത്. ലോകമെമ്പാടുമുള്ള 300ലധികം ജലാശയങ്ങളിൽ നിന്നായി എത്തിച്ച ജലം ഉൾക്കൊള്ളുന്ന ‘ബ്രഹ്‌മകുണ്ഡ്’ ആണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.
Discussion about this post