ഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന് വരാതിരിക്കാനുള്ള ബിജെപിയ്ക്ക് പുറത്തുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം നിലവില്‍ പാര്‍ട്ടി നേതൃത്വത്തിലില്ലാത്ത പുതിയ ഒരാളെ തേടുന്നു എന്ന സൂചന ലഭിച്ചയുടന്‍ ആരംഭിച്ച രഹസ്യനീക്കമാണ് പരാജയത്തില്‍ കലാശിച്ചത്. ഡല്‍ഹി കേന്ദ്രീകരിച്ചും, തിരുവനന്തപുരം കേന്ദ്രീകരിച്ചും ചിലര്‍ നടത്തിയ ശ്രമങ്ങള്‍ ബിജെപി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കേരള രാഷ്ട്രീയത്തില്‍ സുപരിചിതമായ മുഖം വരണമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെയും, പ്രത്യേകിച്ച് അമിത് ഷായുടേയും നിലപാട്. ഇത്തരത്തിലുള്ള അന്വേഷണം എല്ലാ തലത്തിലും എത്തി നിന്നതും കുമ്മനം രാജശേഖരനിലാണ്. ആര്‍എസ്എസ് സംസ്ഥാന ഘടകം ഇത്തരമൊരു നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ മാസങ്ങള്‍ക്ക് മുമ്പേ കുമ്മനം സംസ്ഥാന അധ്യക്ഷനാകുമെന്നതില് രഹസ്യധാരണയായി. ഇതോടെ കുമ്മനം സംസ്ഥാന പ്രസിഡണ്ടാകാതിരിക്കാനുള്ള നീക്കങ്ങള്‍ ചില കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആറന്മുള വിമാനത്താവളം നടപ്പിലാകാനുള്ള സാധ്യത കുമ്മനം പ്രസിഡണ്ടാകുന്നതോടെ എല്ലാ തലത്തിലും അടയും എന്നതിനാല്‍ വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പിന്റെ രഹസ്യ പിന്തുണയോടെയായിരുന്നു ഇത്തരം നീക്കങ്ങള്‍ നടന്നത്. കുമ്മനത്തെ ഏത് വിധേയനയും ഒഴിവാക്കാനുള്ള നീക്കത്തിന് ഇതോടെ ചിലര്‍ ചരട് വലികള്‍ തുടങ്ങി.
സംസ്ഥാന നേതൃത്വത്തിലേക്ക് ഒന്നിലധികം പേരുകള്‍ പരിഗണിക്കുന്നു എന്ന പ്രചരണം നടത്തുകയായിരുന്നു ഇതിലൊന്ന്. ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിട്ട് സംസ്ഥാന നേതൃത്വത്തില്‍ ഭിന്നതയുണ്ടാക്കാനായിരുന്നു ആദ്യ നീക്കം. ഡല്‍ഹി കേന്ദ്രമായി ആര്‍എസ്എസ് ചുമതലയുള്ള ആര് ബലാശങ്കറിന്റെ പേര് പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടു. റിപ്പോര്‍ട്ടിലൊന്നും തന്നെ കുമ്മനം പരിഗണന പട്ടികയില്‍ വന്നില്ലെന്നതും ശ്രദ്ധേയമായി. പാര്‍ട്ടി കേരള ഘടകത്തിലെ ഒരു വിഭാഗം ബാലശങ്കറിനൊപ്പമെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നു. ആര് ബാലശങ്കര്‍ ഒരു വിഭാഗത്തിന്റെ ആളെന്ന നിലയിലായിരുന്നു പ്രചരണം. ബിജെപി രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത ബാലശങ്കറിനെ ഒരു വിഭാഗത്തിന്റെ ആളെന്ന നിലയില്‍ അവതരിപ്പിച്ചതിന് പിന്നിലും കേരളത്തില്‍ പ്രബലമായ ഒരു പക്ഷത്തെ കൂടെ നിര്‍ത്താനുള്ള ശ്രമമായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഈ ശ്രമമമെല്ലാം പൂര്‍ണമായും പാളി. കെജിഎസ് ഗ്രൂപ്പിന് വേണ്ടി ചരട് വലിച്ചവരെ പൂര്‍ണമായും നിരാശരാക്കി ഏതാണ്ട് ഏകപക്ഷീയമായായിരുന്നു പാര്‍ട്ടി കോര്‍ കമ്മറ്റിയില്‍ കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനായി തീരുമാനിച്ചത്.
കേന്ദ്ര നേതൃത്വം ഏതാണ്ട് പൂര്‍ണമായ തീരുമാനത്തിലെത്തിയ ശേഷമായിരുന്നു കോര്‍ കമ്മറ്റിയുടെ രണ്ട് ദിവസം മുമ്പ് കുമ്മനം രാജശേഖരന് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. ഇതിന് ശേഷമാണ് അന്തിമ ചര്‍ച്ചകള്‍ക്കായി കുമ്മനം ഡല്‍ഹിയ്ക്ക് പോയതും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും. എന്നിട്ടും ഇക്കാര്യത്തില്‍ സമവായമില്ല എന്ന ധാരണ പരത്താനും ചിലര്‍ വലിയ തോതില്‍ ശ്രമം നടത്തി. ഇത്തരത്തിലുള്ള നീക്കത്തിന് പാര്‍ട്ടി തലത്തിലോ, സംഘപരിവാര്‍ തലത്തിലോ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം കേന്ദ്ര നേതൃത്വവും, സംസ്ഥാന നേതൃത്വവും നിരീക്ഷിക്കുന്നുണ്ട്.
കുമ്മനം രാജശേഖരനെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങള്‍
Discussion about this post