കാസർകോട്: ബദിയഡുക്കയിൽ ഓട്ടോയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അഞ്ച് മരണം. തായലങ്ങാടി സ്വദേശികളായ അബ്ദുൾ റൗഫ്, ബീഫാത്തിമ, ഉമ്മു ഹലീമ, ബീഫാത്തിമ, നഫീസ എന്നിവരാണ് മരിച്ചത്. വൈകീട്ടോടെ പള്ളത്തടുക്കയിലായിരുന്നു സംഭവം.
മരിച്ച അഞ്ച് പേരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്. പള്ളത്തടുക്കയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഗ്ലോബൽ പബ്ലിക് സ്‌കൂളിന്റെ ബസാണ് ഓട്ടോയിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.












