ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗും പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുമായുള്ള ബന്ധം വെളിവാക്കുന്ന തെളിവുകൾ കണ്ടെത്തി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഖാലിസ്ഥാനെതിരായി നിൽക്കുന്നവരേയും മതനേതാക്കളേയും കൊലപ്പെടുത്താൻ ഇയാളുടെ നേതൃത്വത്തിൽ പദ്ധതി ഇട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
2020 ജൂലൈയിലാണ് ഇയാൾ ഇന്ത്യ വിട്ടത്. ലഷ്‌കർ ഭീകരനായ സുഹൈൽ, നൗഷാദ്. ജഗ്ജിത് സിംഗ് ജഗ്ഗ, അർഷ് ദല എന്നിവർ യോജിച്ച് നിന്നാണ് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിച്ചിരുന്നത്. ഒരു കേസിൽ പെട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് അർഷ് ദീപ്, ജഗ്ഗയുമായി ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് പഞ്ചാബിൽ ചില ഹിന്ദു സംഘടനാ നേതാക്കളേയും ഖാലിസ്ഥാന് എതിരായി പ്രവർത്തിക്കുന്ന ചിലരേയും കൊലപ്പെടുത്താൻ ജഗ്ഗയും അർഷ്ദീപും പദ്ധതി ഇടുകയായിരുന്നു.
സുഹൈൽ, അർഷ്ദീപ് എന്നിവരാണ് പ്രധാനമായും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള പണം സംഘടിപ്പിച്ചിരുന്നത്. 2022 ഡിസംബറിൽ രാജ്കുമാർ എന്ന് പേരുള്ള ഒരു ആൺകുട്ടിയെ ഡൽഹി ജഹാംഗീർപുരിയിൽ വച് സംഘം കൊലപ്പെടുത്തി. കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സുഹൈലിന് അയച്ചു കൊടുത്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇവർക്കെതിരെ തെളിവുകൾ ലഭിച്ചിരുന്നുവെന്നും അന്വേഷണസംഘം പറയുന്നു.
Discussion about this post