ബംഗളുരു : ഒരു മെഴുക് പ്രതിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ മൈസൂരിലെ ഒരു മ്യൂസിയം. ബാഹുബലിയുടെ മെഴുക് പ്രതിമയായിരുന്നു മ്യൂസിയം നിർമ്മിച്ചത്. എന്നാൽ നിർമ്മാണം കഴിഞ്ഞു വന്നപ്പോൾ പ്രതിമ ഏതോ അജ്ഞാതന്റേതായി മാറി. ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസിന്റെ യാതൊരു ഛായയും ഇല്ലാത്തതാണ് പ്രതിമ. ഇതോടെ പ്രതിമയെ ട്രോളന്മാർ ഏറ്റെടുക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.
ഇതോടെ പ്രതിമ നിർമിച്ചവർക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലി സിനിമയുടെ നിർമ്മാതാവ് ശോഭു യർലഗദ്ദ . തങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ കോപ്പിറൈറ്റ് അവകാശം വാങ്ങാതെ ചിത്രീകരിച്ചു എന്നുള്ളതാണ് നിർമ്മാതാവിന്റെ പരാതി. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മൈസൂരിലെ മെഴുക് പ്രതിമ മ്യൂസിയം ബാഹുബലിയുടെ പ്രതിമ നിർമിച്ചിരിക്കുന്നതെന്ന് നിർമ്മാതാവ് വ്യക്തമാക്കി. ഈ കാരണത്താൽ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും പ്രതിമ ഉടൻ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുൻപ് ബാങ്കോക്കിലെ മാദം തുസാഡ്‍സ് മ്യൂസിയത്തില്‍ ഇതേ രീതിയിൽ ബാഹുബലിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ അനുമതി നിർമ്മാതാക്കളിൽ നിന്നും നേടിയ ശേഷമാണ് അവർ പ്രതിമ നിർമിച്ചത്. എന്നാൽ മൈസൂരിലെ മ്യൂസിയത്തിൽ പ്രതിമയ്ക്കായി അനുമതി വാങ്ങിയില്ലെന്ന് മാത്രമല്ല, കഥാപാത്രത്തെ വളരെ വികലമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നുകൂടി പരാതിയുണ്ട്. ബാഹുബലിയുമായി പ്രതിമയ്ക്ക് ആകെയുള്ള സാമ്യം ആ പടച്ചട്ട മാത്രമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.
Discussion about this post