പത്തനംതിട്ട; സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അഞ്ച് കളളവോട്ട് ചെയ്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎസ് അമലിന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. അമലിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കമന്റുകളിലൂടെ ഉൾപ്പെടെയാണ് പലരും രോഷപ്രകടനം നടത്തിയത്. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ കളളവോട്ട് വിവാദത്തിലും പെട്ട എസ്എഫ്‌ഐയെ ട്രോളിക്കൊല്ലാനുളള അവസരവും ആരും പാഴാക്കിയില്ല.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുളള ഭാവി നേതാവിന്റെ തയ്യാറെടുപ്പിനെയാണ് ട്രോളിയത്.
തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിൽ വന്നു കള്ള വോട്ട് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം അതും 5 എണ്ണം സഖാവ്… എന്നാണ് ഒരു കമന്റ്. അതെന്താ കള്ള വോട്ട് ചെയ്യുന്നത് അത്ര തെറ്റാണോയെന്ന് നിഷ്‌കളങ്കമായി മറ്റൊരാൾ ചോദിക്കുന്നു. എന്നാലും നിന്റെയൊക്കെ തൊലിക്കട്ടി അപാരം എന്നാണ് ഒരാൾ പറയുന്നത്.
അമ്പട മോനേ കളളക്കുട്ടാ.. എവിടുന്ന് സാധിക്കുന്നെടാ ഉവ്വെ ഇതെന്നാണ് ഒരാളുടെ ചോദ്യം. വ്യാജൻമാരുടെ സഖാവ് എന്നാണ് ഒരാൾ അഭിസംബോധന ചെയ്യുന്നത്. അതെന്താ കളള വോട്ടണ്ണൻ എല്ലാരും പറേണു എന്നാണ് മറ്റൊരു ട്രോൾ.
ഞായറാഴ്ച പത്തനംതിട്ടയിൽ നടന്ന സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎസ് അമൽ അഞ്ച് തവണ കളളവോട്ട് ചെയ്തത്. ക്യാമറയിൽ മുഖം പതിഞ്ഞതോടെയാണ് കളളം പുറത്തായത്. പത്തനംതിട്ട നഗരസഭാ പരിധിയിലുളളവരാണ് ബാങ്കിലെ അംഗങ്ങൾ. ഏത് വിധേനയും ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 30 കിലോമീറ്ററോളം അകലെ തിരുവല്ല സ്വദേശിയായ അമലിനെപ്പോലുളളവരെ എത്തിച്ച് സിപിഎം വ്യാപകമായി കളളവോട്ട് ചെയ്യിപ്പിച്ചത്.
ചോദ്യം ചെയ്യുമ്പോൾ ബൂത്തിനുളളിൽ ബഹളം കൂട്ടുകയും വാക്കുതർക്കമുണ്ടാക്കി ഉദ്യോഗസ്ഥരെ അടക്കം ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടിരുന്നു.
വർഷങ്ങളായി യുഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. ഇക്കുറിയും യുഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. അമലിനൊപ്പം സിപിഎം പെരിങ്ങനാട് നോർത്ത് ലോക്കൽ സെക്രട്ടറി അഖിൽ കളളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.
Discussion about this post