അഹമ്മദാബാദ്: ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി മുസ്ലീം വിദ്യാർത്ഥികൾ. വഡോദരയിലാണ് സംഭവം. മഹാരാജ സയാജിറാവു സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മൂന്ന് പേരാണ് പ്രാർത്ഥന നടത്തിയത്. നമാസ് തൊപ്പിയും വെളുത്ത വസ്ത്രവും ധരിച്ച് പ്രാർത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൊമേഴ്‌സ് വിഭാഗത്തിന്റെ കെട്ടിടത്തിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ശേഷം ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതോടെ സംഭവത്തിൽ യൂണിവേഴ്‌സിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചു. നമാസ് നടത്തിയ വിദ്യാർത്ഥികൾ ആരെല്ലാമെന്നതുൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
നേരത്തെയും എംഎസ് സർവ്വകലാശാല വിദ്യാർത്ഥികളിൽ നിന്നും സമാന പ്രവൃത്തി ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ് ജനുവരിയിൽ ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിൽ വിദ്യാർത്ഥിനികൾ ചേർന്ന് നമാസ് നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഇതേ കോളേജിലെ വിദ്യാർത്ഥികൾ ശിവ ക്ഷേത്രത്തിന് മുൻപിൽ പ്രാർത്ഥന നടത്തിയിരിക്കുന്നത്.
Discussion about this post