ന്യൂഡൽഹി : ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡയുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്ററുമായി നടത്തിയ സംഭാഷണത്തിലാണ് ജയശങ്കറുടെ മറുപടി.
ഖാലിസ്ഥാൻ ഭീകരർ ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങൾ തകർത്തു. നയതന്ത്രജ്ഞർക്ക് നേരെ വധ ഭീഷണി മുഴക്കി. കാനഡയിൽ ഭീകരർ സംഘടിത അക്രമങ്ങൾ നടത്തുന്നതായി ഇന്ത്യയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാനഡയിൽ വിഘടന വാദികൾ പിടിമുറുക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കാനഡ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കണം. അതിൽ നടപടികൾ എടുക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാകുന്നതിലേക്ക് ട്രൂഡോയുടെ പ്രസ്താവന എത്തിച്ചിരുന്നു. ഇതിന് പിന്നാലെ കാനഡയിലുളള ഹിന്ദുക്കൾ നാടുവിട്ട് പോകണമെന്ന് ഖാലിസ്ഥാനി ഭീകരരും പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. നിലവിൽ വാക്‌പോരും നടപടികളും തുടരുന്നതിനിടെയാണ് ജയ്ശങ്കറിന്റെ വാക്കുകൾ.
Discussion about this post