രാജ്‌കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ കൈയടികൾ നേടുകയാണ്. 115 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ പതറുമ്പോൾ ക്രീസിലെത്തിയ രാഹുൽ, 92 പന്തിൽ പുറത്താകാതെ 112 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ 29 റൺസുമായി ഇന്ത്യയെ വിജയവര കടത്തിയ രാഹുൽ, രണ്ടാം മത്സരത്തിൽ ഉജ്ജ്വലമായ സെഞ്ച്വറി (112*) നേടിയാണ് ടീമിന്റെ മാനം രക്ഷിച്ചത്. ഏകദിന ചരിത്രത്തിൽ ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് രാഹുൽ ഈ ഇന്നിങ്സിനിടെ സ്വന്തമാക്കി. ഇത് കൂടാതെ രാജ്‌കോട്ട് മൈതാനത്ത് ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതിയും താരം സവാന്തമാക്കി.
വിരാട് കോഹ്‌ലി (23) പുറത്തായതിന് പിന്നാലെ രവീന്ദ്ര ജഡേജയുമായി (27) ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രാഹുൽ ഇന്നിംഗ്‌സ് നയിച്ചു. പിന്നീട് യുവതാരം നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം ഇന്ത്യയെ 284/7 എന്ന സ്കോറിലെത്തിച്ചു. ആദ്യ ആറ് പന്തുകൾ ഡോട്ട് ബോളുകളായെങ്കിലും ഏഴാം പന്തിൽ താളം കണ്ടെത്തിയ രാഹുൽ പിന്നീട് കളം നിറഞ്ഞു. 87 പന്തിലാണ് അദ്ദേഹം തന്റെ എട്ടാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയത്.
ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഒരു ഫിനിഷറുടെ ഉത്തരവാദിത്തം രാഹുൽ ഭംഗിയായി നിറവേറ്റുന്നത് ടീം ഇന്ത്യയ്ക്ക് വരാനിരിക്കുന്ന വലിയ ടൂർണമെന്റുകളിൽ ശുഭസൂചനയാണ്.












Discussion about this post