വാഷിംഗ്ടൺ: പാകിസ്താൻ, ബംഗ്ലാദേശ്, റഷ്യ, ഇറാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള വിസാ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ നിർണായക നീക്കം. ജനുവരി 21 മുതൽ ഈ നിയന്ത്രണം നിലവിൽ വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
അമേരിക്കയിലെ ജനക്ഷേമ പദ്ധതികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. വിസ അപേക്ഷകരുടെ സാമ്പത്തിക സ്ഥിതിയും അവർ രാജ്യത്തിന് ബാധ്യതയാകുമോ എന്നും പരിശോധിക്കുന്ന ‘പബ്ലിക് ചാർജ്’ നിയമത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനം.
പാകിസ്താൻ, ബംഗ്ലാദേശ്, റഷ്യ, ഇറാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ, തായ്ലൻഡ് തുടങ്ങിയ 75 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വിസ നടപടികൾ പുനഃപരിശോധിക്കുന്നതുവരെ ഈ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരും. പുതിയ കുടിയേറ്റക്കാർ അമേരിക്കൻ ജനതയുടെ സമ്പത്ത് ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
വിദേശ പൗരന്മാർക്ക് ഇമിഗ്രന്റ് വിസകൾ നൽകുന്നത് താൽക്കാലികമായി തടയാൻ കൗൺസിലർ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തിലെ പഴുതുകൾ അടയ്ക്കുന്നതിനും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ കടുത്ത നടപടിയെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം ലോകമെമ്പാടുമുള്ള കുടിയേറ്റ മോഹികളെയും 2026 ഫിഫ ലോകകപ്പ് പോലുള്ള വലിയ കായിക പരിപാടികളെയും ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.













Discussion about this post