സത്യദർശനം സുഖിപ്പിക്കും അസത്യ ദർശനം ദുഃഖിപ്പിക്കും ഇതാണ് നിയമം, സത്യദർശനം ജ്ഞാനം, അസത്യദർശനം അജ്ഞാനം, ജ്ഞാനം സുഖിപ്പിക്കും. അജ്ഞാനം ദുഃഖിപ്പിക്കും ഇതാണ് നിയമം. അജ്ഞാനം എങ്ങനെയാണ് ദുഃഖിപ്പിക്കുന്നത്? നാമരൂപങ്ങൾ വസ്‌തു സത്തയില്ലാത്ത തോന്നലുകളാണെന്ന് സപ്ഷ്‌ടമാണല്ലോ. അത്കൊണ്ട് പലത് വാസ്തവത്തിൽ ഇല്ല. ഇല്ലാത്തതിനെ ഉണ്ടെന്ന് കരുതുന്നതാണ് മായ. മായ ഇല്ലാത്ത കാഴ്‌ചകളിൽ രാഗദ്വേഷങ്ങളെ ജനിപ്പിക്കുന്നു.
ഇതെൻ്റേത് അതു നിൻ്റേത് എന്നിത്യാദി തോന്നലുകൾക്ക് ശക്തി വർദ്ധിപ്പിക്കും. തുടർന്ന് കാമ ക്രോധാദി വികാരങ്ങളിൽപ്പെട്ട് മനസ്സ് ഇളകി മറിയും. ശാന്തിയും സുഖവും നഷ്‌ടപ്പെടുമെന്നു മാത്രമല്ല നിരന്തരമായ പരസ്‌പര സംഘട്ടനങ്ങളിലും തുടർന്നുള്ള കാലുഷ്യങ്ങളിലും പെട്ട് നട്ടം തിരിയും.
യുദ്ധങ്ങൾ പോലും ഇങ്ങനെ സംഭവിക്കുന്നവയാണ്. അവനവൻ്റെ മനസ്സിലും കുടുംബത്തിലും ലോകത്തും ഇന്ന് കാണപ്പെടുന്ന കലഹങ്ങൾക്കെല്ലാം ഹേതു ഇതുതന്നെയാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഓരോവ്യക്തിയും സത്യം ചിന്തിച്ചുറുപ്പിച്ച് മനസ്സിൻ്റെ സമനില നിലനിർത്തുകയാണ് വേണ്ടത്.
അതല്ലാതെ പുറമേ പണമോ, സ്ഥാനമാനങ്ങളോ കീർത്തിയോ ഒക്കെ സമ്പാദിക്കുന്നതുകൊണ്ട് മാത്രം ഈ കോലാഹലത്തിന് ഒരിക്കലും അറുതി വരുന്നതല്ല. എന്നല്ല പുറമേ സമ്പാദിക്കുന്ന അത്തരം നേട്ടങ്ങളൊക്കെ ഇല്ലാത്ത നാമരൂപങ്ങളെ ആശ്രയിച്ചുള്ളവയായതു കൊണ്ട് കലഹകോലാഹലങ്ങൾക്ക് ശക്തി വർദ്ധിപ്പിക്കുകയേയുള്ളു. ഇതാണ് സകലദുഃഖങ്ങൾക്കും കാരണം. ഈ മായാമോഹം രാഗാദിരോഗങ്ങൾക്കു മാത്രമല്ല മറ്റ് രോഗങ്ങൾക്കും ശക്തി കൂട്ടും. അപ്പോൾ എന്തൊക്കെയുണ്ടായാലും സുഖം എവിടെ കിട്ടാനാണ്?












Discussion about this post