ന്യൂഡൽഹി: കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവ്വീസുമായി (സിഎസ്‌ഐഎസ്) നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിജ്ജാറിന്റെ മകൻ ബൽരാജ് സിംഗ്. കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ് സിഎസ്‌ഐഎസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ബൽരാജ് സിംഗ് പറയുന്നു.
ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ നിജ്ജാറിനെ കൊലപ്പെടുത്താൻ പാകിസ്താൻ ഇന്റർ സർവ്വീസ് ഇന്റലിജൻസ് ആഗ്രഹിച്ചിരുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. കാനഡയിലെ ഐഎസ്ഐ നേതാക്കളായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ഐഎസ്‌ഐക്ക് വേണ്ടി കാനഡയിലെ പ്രധാന ദൗത്യങ്ങൾ ചെയ്യുന്നത് ഇവരാണ്.
നിജ്ജാറുമായി അടുത്തിടപഴകുന്നത് അജ്ഞാതർക്ക് അസാധ്യമാണ്. നിജ്ജാർ വളരെ ശ്രദ്ധാലുവാണ്. ഇയാൾക്ക് ചുറ്റും അംഗരക്ഷകരും ഉണ്ട്. എന്നാൽ നിജ്ജാറിന് തൊട്ടടുത്തായി നിരവധി മുൻ ഐഎസ്ഐ ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ടായിരുന്നു. മേജർ ജനറൽമാർ മുതൽ ഹവിൽദാർമാർ വരെയുള്ള മുൻ ഐഎസ്ഐ ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിലുണ്ട്. നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ചുമതല ഇവരിൽ ആർക്കെങ്കിലും നൽകിയിരിക്കാമെന്ന വിവരമാണ് പുറത്ത് വരുന്നത്.
Discussion about this post