ഇന്ത്യയുടെ ഇതിഹാസ കാർഷിക ശാസ്ത്രജ്ഞൻ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്റെ വിയോഗ ദിനമായി മാറിയിരിക്കുകയാണ് സെപ്റ്റംബർ 28. ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘ഹരിത വിപ്ലവത്തിന്റെ പിതാവ്’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം 1960 കളിലും 70 കളിലുമായി കൃഷിയിൽ കൊണ്ടുവന്ന വലിയ മാറ്റങ്ങളിലൂടെ ഇന്ത്യയെ ഭക്ഷിക്ഷാമത്തിൽ നിന്നും മോചിപ്പിക്കാൻ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. ഇന്ത്യൻ കാർഷിക രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചശേഷം തന്റെ 98 വയസ്സിലാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.
നിരവധി ഗവേഷകരും ശാസ്ത്രജ്ഞരും ഇന്ത്യയുടെ കാർഷിക മേഖലയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് അടിവരയിടുന്ന അടിസ്ഥാനപരമായ കാഴ്ചപ്പാട് എം എസ് സ്വാമിനാഥനിൽ നിന്നാണ് ഉണ്ടായത്. 1960-കളിൽ രാജ്യം കഠിനമായ ക്ഷാമം നേരിട്ടപ്പോൾ ഇന്ത്യയിൽ ഉയർന്ന വിളവ് നൽകുന്ന ഗോതമ്പിന്റെയും അരിയുടെയും ഇനങ്ങൾ അവതരിപ്പിക്കുന്നതിനായി നേതൃത്വം നൽകിയത് എം എസ് സ്വാമിനാഥൻ ആയിരുന്നു . ഏതാനും വർഷങ്ങൾക്കുള്ളിൽ അരിയുടെയും ഗോതമ്പിന്റെയും ഉൽപ്പാദനം ഇരട്ടിയായതോടെ അദ്ദേഹം കാർഷിക രംഗത്തെ യഥാർത്ഥ ഹീറോ ആയി മാറി.
1963-ൽ അദ്ദേഹം അവതരിപ്പിച്ച കുള്ളൻ ഗോതമ്പ് ബ്രീഡിംഗ് പ്രോഗ്രാമിന് ഇന്ത്യൻ കാർഷിക രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ഉൽപാദനം അനവധി ഇരട്ടിയാക്കി മാറ്റിയ “ഗോതമ്പ് വിപ്ലവം” ആയിരുന്നു അത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എം എസ് സ്വാമിനാഥനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിൽ ഒരു സ്റ്റാമ്പ് പോലും പുറത്തിറക്കി. രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ തീവ്രമായ ഭക്ഷ്യ ദൗർലഭ്യത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്ത സ്വാമിനാഥന് 1987-ൽആദ്യത്തെ ലോക ഭക്ഷ്യ പുരസ്‌കാര ജേതാവ് പുരസ്‌കാരം ലഭിച്ചു.
ഇന്ത്യൻ പോലീസ് സർവീസിൽ (lPS) അഡ്മിനിസ്‌ട്രേറ്ററായി കരിയർ ആരംഭിച്ച സ്വാമിനാഥൻ 1942-43 കാലഘട്ടത്തിൽ ഉണ്ടായ ബംഗാൾ ക്ഷാമത്തെ തുടർന്നാണ് കാർഷിക മേഖലയിലെ ഗവേഷണത്തിലേക്ക് ചുവടുമാറ്റം നടത്തുന്നത്. ജനിതകശാസ്ത്രത്തിലും പ്രജനനത്തിലുമുള്ള
സ്വാമിനാഥന്റെ ഗവേഷണം ഇന്ത്യൻ കാർഷിക മേഖലയുടെ തലവര തന്നെ മാറ്റുന്നതായിരുന്നു. തുടർന്ന്
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ കൗൺസിലിന്റെയും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആന്റ് നാച്വറലിന്റെയും പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. റിസോഴ്‌സ്, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ എന്നിവയുടെ പ്രസിഡന്റായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) ഡയറക്ടർ ജനറലായും എം എസ് സ്വാമിനാഥൻ സേവനമനുഷ്ഠിച്ചു. 2004-06 കാലയളവിൽ ദേശീയ കർഷക കമ്മീഷൻ തലവനും ആയിരുന്നു അദ്ദേഹം.കർഷകർ തങ്ങളുടെ വിളകൾ സർക്കാരിന് വിൽക്കുന്ന മിനിമം താങ്ങുവില, ശരാശരി ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനമെങ്കിലും കൂടുതലായിരിക്കണമെന്ന് ശുപാർശ ചെയ്തതും എം എസ് സ്വാമിനാഥൻ ആയിരുന്നു. ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭക്ഷ്യ സുരക്ഷിതത്വത്തിന് കാരണമായത് എം എസ് സ്വാമിനാഥൻ എന്ന മഹത് വ്യക്തിത്വം ആണെന്ന തിരിച്ചറിവ് ഓരോ ഭാരതീയർക്കും ഉണ്ടാകേണ്ടതാണ്.
Discussion about this post