കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ ആണ് മരിച്ചത്. കേസിൽ പോൾസന്റെ അനുജൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് തോമസ്. വീടിന്റെ മുൻപിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഒരു വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ഇരുവരുടേയും പിതാവും ഇവരോടൊപ്പമാണ് ഉള്ളത്. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് ഇന്നലെ രാവിലെ പോൾസൻ അടിച്ച് തകർത്തിരുന്നു. തോമസ് ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടായി. തുടർന്ന് എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവയ്ക്കുകയായിരുന്നു. തോമസ് തന്നെയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്












