പൂക്കോട്ടുംപാടം: നിലമ്പൂരിനടുത്ത് അമരമ്പലം പഞ്ചായത്തിലെ ടി.കെ. കോളനി പൂത്തോട്ടംകടവില്‍ മൂന്ന് വനംവകുപ്പ് ജീവനക്കാരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം.
നിലമ്പൂര്‍ സൗത്തിലെ ഫോറസ്റ്റ്വാച്ചര് അജയന്, സൈലന്റ്വാലിയിലെ ഫോറസ്റ്റ് വാച്ചര്‍ രമണന്, താത്കാലിക ജീവനക്കാരനായ ആലി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. സ്ത്രീകളുള്‍പ്പെടെയുള്ള ഒന്‍പതംഗസംഘം തോക്കുചൂണ്ടി ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഡി.എഫ്.ഒ എസ്. സജികുമാര്‍ പറഞ്ഞു.
ഭക്ഷണം ആവശ്യപ്പെട്ടശേഷം തോക്കുചൂണ്ടി കാട്ടിനുള്ളിലേക്കു കൊണ്ടുപോയി. അവിടെവെച്ച് ഫോറസ്റ്റ് വാച്ചര്‍ രമണന് ഓടിരക്ഷപ്പെട്ടു. ഇതോടെ മറ്റു രണ്ടുപേരെയും വനത്തിന്റെ കൂടുതല്‍ ഉള്‍ഭാഗത്തേക്കു കൊണ്ടുപോയി. പിന്നീട് പത്തരയോടെ കാടിനകത്തുനിന്ന് ഇവരുടെ മൊബൈല്‍ഫോണിന്റെ സിംകാര്‍ഡ് ഊരിമാറ്റിയശേഷം വിട്ടയയ്ക്കുകയായിരുന്നു.
വാച്ചര്മാരായതുകൊണ്ടാണ് വിട്ടയയ്ക്കുന്നതെന്നും ഉന്നതോദ്യോഗസ്ഥരെയാണ് തങ്ങള്ക്കാവശ്യമെന്നുമാണ് മാവോവാദികള്‍ ഇവരോടുപറഞ്ഞത്. കാക്കിയിട്ട് ആരെങ്കിലും കാട്ടിലേക്കുപ്രവേശിച്ചാല് വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തി. വിട്ടയച്ച മൂന്നുപേരും സുരക്ഷിതരാണ്.
സൈലന്റ്വാലിയുമായി അതിര്‍ത്തിപങ്കിടുന്ന വനമേഖലയാണിത്. ഇവിടെ സൈലന്റ്വാലി ബഫര്‍സോണ്‍ ഔട്ട്പോസ്റ്റും നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റിന്റെ ഔട്ട്പോസ്റ്റുമുണ്ട്. ജനവാസവുമില്ല. രണ്ടുവര്‍ഷം മുന്‍പ് ഫോറസ്റ്റ്വാച്ചര്ക്കെതിരെ ഇവിടെ വെടിവെപ്പ് നടന്നിരുന്നു.
Discussion about this post