ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാകും. ഇരുവരും കോടതിയില്‍ ജാമ്യാപേക്ഷ നല്കാന് തീരുമാനിച്ചു. ജാമ്യാപേക്ഷ നല്‍കേണ്ടെന്ന നിലപാടായിരുന്നു നേരത്തേ സ്വീകരിച്ചിരുന്നത്. നിയമ നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു പാര്‍ട്ടി തീരുമാനം. മൂന്ന് മണിക്കാണ് ഇരുവരും ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാകുക. ജാമ്യം സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് സോണിയ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
ഇന്ത്യാ ഗേറ്റിനു സമീപമുള്ള പട്യാല കോടതിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുതുതായി 16 സുരക്ഷാ ക്യാമറകള്‍ കോടതിയില്‍ സ്ഥാപിച്ചു. കോടതിയിലേക്ക് വരുന്ന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും പൊലീസ് നിയന്ത്രിക്കും. വിചാരണ നടക്കുന്ന സമയത്ത് കോടതിയ്ക്ക് പുറത്തും പരിസരങ്ങളിലും അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഹാജരാകാനാണ് സോണിയയ്ക്കും രാഹുലിനും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ, ഹാജരാകുന്നതിനെ എതിര്‍ത്തുകൊണ്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്ന്, സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന് സോണിയയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ ക്രമക്കേടുകളുണ്ടെന്നാരോപിച്ച് ബി.ജെ.പി. നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി നല്കിയ കേസിലാണ് ഇരുവരോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post