കോട്ടയം: നായ പരിശീലനത്തിന്റെ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പ്രതി ഒടുവിൽ പോലീസ് പിടിയിൽ. പാറമ്പുള തെക്കേതുണ്ടത്തിൽ റോബിൻ ജോർജ്(28) ആണ് പിടിയിലായത്. കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട ശേഷം റോബിൻ കടന്നു കളയുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
ഞായറാഴ്ചയാണ് പരിശോധനയ്ക്കായി എത്തിയ പോലീസ് സംഘത്തിന് നേരെ ഇയാൾ നായ്ക്കളെ തുറന്നുവിട്ടത്. മീനച്ചിലാറ്റിൽ ചാടിയ ഇയാൾ നീന്തി രക്ഷപെടുകയായിരുന്നു. പുഴ നീന്തി അക്കരെ എത്തിയ ശേഷം ഇയാൾ ഓട്ടോയിൽ കയറി പോവുകയായിരുന്നു. റോബിൻ വാടകയ്ക്ക് എടുത്ത കുമാരനല്ലൂർ വല്ല്യാലിൻചുവടിലെ വീട്ടിൽ നിന്ന് 17.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള ലഹരി വിരുദ്ധ സ്‌ക്വാഡാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നതിനെതിരായ എൻഡിപിഎസ് ആക്ട് പ്രകാരമാണ് റോബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണസംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട 3 നായ്ക്കളെ കൂടു തുറന്നുവിട്ടാണ് പ്രതി കടന്നുകളഞ്ഞത്. പിന്നീട് ഡോഗ് സ്‌ക്വാഡിലെ പരിശീലകരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ നായ്ക്കളെ കൂട്ടിലേക്ക് മാറ്റിയാണ് പോലീസ് വീടിനുള്ളിലേത്ത് കയറിയത്. മുറികളിൽ രണ്ട് സഞ്ചികളിലായി വച്ചിരുന്ന കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ആഴ്ചകൾക്ക് മുൻപ് അന്വേഷണത്തിന് എത്തിയ എക്‌സൈസ് സംഘത്തിന് നേരെയും ഇയാൾ നായ്ക്കളെ അഴിച്ചുവിട്ടാണ് രക്ഷപെട്ടത്.
Discussion about this post