അയോദ്ധ്യ: സരയു നദിയെ അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയായ ഭ്രമൺപഥിന്റെ നിർമ്മാണത്തിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ഇടനാഴിക്ക് സമാനമായ രീതിയിലാണ് ഭ്രമണപഥിന്റേയും നിർമ്മാണം. പദ്ധതിക്കായി യുപി സർക്കാർ 24 കോടി വകയിരുത്തിയിട്ടുണ്ട്. ഇ ടെൻഡറിംഗ് വഴിയാകും നിർമ്മാണത്തിനുള്ള ഏജൻസികളെ ക്ഷണിക്കുന്നത്. രാമക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് പാതയുടെ നിർമ്മാണം.
രാമക്ഷേത്രത്തോടനുബന്ധിച്ച് ലോട്ടസ് ഫൗണ്ടൻ നിർമ്മിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെയാകും ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. അയോദ്ധ്യയിൽ രാം പഥ്, ഭക്തിപഥ്, രാമജന്മഭൂമിപഥ് എന്നിവയ്ക്ക് ശേഷമുള്ള നാലാമത്തെ റോഡ് പദ്ധതിയാണ് ഭ്രമൺപഥ്. സരയൂവിൽ മുങ്ങിക്കുളിച്ച ശേഷം, ഈ പാതയിലൂടെ ഭക്തർക്ക് നേരിട്ട് രാമക്ഷേത്രത്തിലെത്താൻ കഴിയുമെന്ന് അയോധ്യ മേയർ ഗിരീഷ്പതി ത്രിപാഠി പറഞ്ഞു.
നിലവിൽ സരയുവിൽ നിന്ന് രാമക്ഷേത്രത്തിലെത്തണമെങ്കിൽ മറ്റ് പല പാതകളും ഉപയോഗിക്കേണ്ടി വരും. അതിന് പകരമായി നേരിട്ട് ക്ഷേത്രത്തിലേക്ക് എത്താൻ കഴിയുന്ന രീതിയിലാകും ഇതിന്റെ നിർമ്മാണം. റോഡ് നിർമ്മാണത്തിന്റെ പദ്ധതി രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും, അതിന് ശേഷമേ ഇതിന്റെ ദൂരം അടക്കമുളള കാര്യങ്ങളിൽ വ്യക്തത വരൂ എന്നും അധികൃതർ അറിയിച്ചു.









