ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ മെയ് 19നാണ് 2000 നോട്ടുകൾ പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചത്. സെപ്തംബർ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം 2000 രൂപയുടെ 93 ശതമാനം നോട്ടുകളും തിരിച്ചെത്തി. നോട്ട് പിൻവലിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരം ഉണ്ടായിരുന്നു.
മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2016ലാണ് റിസർവ് ബാങ്ക് 2000ത്തിന്റെ നോട്ട് പുറത്തിറക്കിയത്. 2018-19 വർഷത്തിൽ തന്നെ രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു.
എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾക്ക് അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് റിക്വിസിഷൻ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആർബിഐ മാർഗനിർദേശത്തിൽ പറയുന്നു.
Discussion about this post