ചെന്നൈ: തമിഴ്‌നാട്ടിലെ കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകിട്ടായിരുന്നു അപകടം. ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് വന്ന ബസ് ആണ് അപകടത്തിൽപെട്ടത്.
തെങ്കാശിയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയവരാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. എട്ട് പേർ മരിച്ചതായി കോയമ്പത്തൂർ മേഖലാ ഡെപ്യൂട്ടി ഐജി ശരവണ സുന്ദർ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്ത്രീകളും അഞ്ച് പുരുഷൻമാരുമാണ് മരിച്ചതെന്ന് കൂനൂർ സർക്കാർ ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ബസിൽ 55 പേരുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നൂറ് അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
പോലീസിനും ഫയർഫോഴ്‌സിനുമൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിനുണ്ട്. പരിക്കേറ്റവരെ ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Discussion about this post