ന്യൂഡൽഹി : വിമാനത്തിൽ വെച്ച് യാത്രക്കാരോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻഡിഗോ 6ഇ 126 വിമാനത്തിൽ വച്ചാണ് സംഭവം. മുഹമ്മദ് കമർ റിയാസ് എന്ന 27 കാരനാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തത്. വിമാനം ലാൻഡ് ചെയ്തയുടനെ ഇയാളെ പോലീസിന് കൈമാറി.
വിമാനത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച റിയാസ് പിന്നീട് ടോയ്‌ലറ്റിൽ കയറി സ്വയം പൂട്ടിയിടുകയായിരുന്നു. വിമാനത്തിൽ ബഹളം ഉണ്ടാക്കിയതിനും മോശമായി പെരുമാറിയതിനും റിയാസിനെതിരെ എയർലൈൻസ് പരാതി നൽകിയിട്ടുണ്ടെന്ന് പട്‌ന വിമാനത്താവളം എസ്എച്ച്ഒ വിനോദ് പീറ്റർ പറഞ്ഞു.
അന്വേഷണത്തിൽ റിയാസ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ ഒപ്പം യാത്ര ചെയ്ത സഹോദരൻ പോലീസിന് കൈമാറി. മെക്കാനിക്കൽ എൻജിനീയറായ റിയാസ്, ബിഹാർ വെസ്റ്റ് ചംപരൻ സ്വദേശിയാണ്. മൂത്ത സഹോദരൻ അഹമ്മദാബാദിലാണ് താമസിക്കുന്നത്. ചികിത്സയ്ക്കായി മൂത്ത സഹോദരനൊപ്പം പട്‌നയിലേക്ക് എത്തുന്നതിനിടെയാണ് വിമാനത്തിൽ വെച്ച് ഇത്തരം സംഭവങ്ങൾ അരങ്ങേറിയത്.
നിലവിൽ റിയാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.








