ഇടുക്കി : കയ്യേറ്റക്കാരെ ഒഴിപ്പിക്കണം എന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുന്നുവെന്ന് സി പി ഐ ഇടുക്കി മുൻ ജില്ലാസെക്രട്ടറി കെ കെ ശിവരാമൻ.ഒഴിപ്പിക്കാൻ വരുന്നവരുടെ കൈയും കാലും വെട്ടി, നാവ് പിഴുതെടുക്കുമെന്നൊക്കെയാണ് പ്രഖ്യാപനം. അത്ര ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടി കളഞ്ഞാൽ മതിയല്ലോയെന്നും ശിവരാമൻ ചോദിച്ചു. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ എം എം മാണി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ രംഗത്തെത്തിയതിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ചിന്നക്കനാൽ പഞ്ചായത്തിൽ സർക്കാരിന്റെ നൂറു കണക്കിന് ഏക്കർ ഭൂമി കയ്യേറി കുരിശു കൃഷി നടത്തുന്നുണ്ട്. അവരെങ്ങനെയാണ് കുടിയേറ്റക്കാർ ആകുന്നതെന്ന് മനസിലാകുന്നില്ല. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആയിര കണക്കിന് ഏക്കർ ഭൂമി ഇപ്പോൾ കയ്യേറ്റ മാഫിയകളുടെ കൈകളിൽ ആണ്. ജില്ലയിൽ പലഭാഗങ്ങളിലായി തോട്ടങ്ങൾ മുറിച്ച് വിൽക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടും അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും ശിവരാമൻ പറഞ്ഞു.
ആയിരകണക്കിന് ഭൂരഹിത കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു ചെറിയ കൂര കെട്ടി താമസിക്കാൻ ബുദ്ധിമുട്ടുന്ന നാട്ടിലാണ് അധികൃതരുടെ ഒത്താശയോടെ കയ്യേറ്റങ്ങൾ നടക്കുന്നത്. സർക്കാർ ഭൂമി കയ്യേറിയ എല്ലാവരെയും പിടിച്ചു അകത്തിടണം. കയ്യേറ്റ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും നൽകണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.
Discussion about this post