തൃശൂര്‍: സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഐതിഹാസിക സമരം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരത്തില്‍ ഒരു തരിമ്പ് പോലും രാഷ്ട്രീയമില്ല. കരുവന്നൂരില്‍ നടന്ന തട്ടിപ്പ് കാരണം ജീവന്‍ ഹോമിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ പദയാത്രയുടെ ഭാഗമായിട്ടുണ്ട്. ഒരു പദയാത്ര കൊണ്ട് ഈ സമരം അവസാനിക്കില്ലെന്നും അഴിമതിക്കാര്‍ക്ക് ശിക്ഷ ലഭിക്കും വരെ സുരേഷ് ഗോപി വടക്കുംനാഥന്റെ മണ്ണില്‍ സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് തൃശ്ശൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലേയ്ക്ക് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തിയ സഹകാരി സംരക്ഷണ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാഷ്ട്രീയ സമരം അല്ലാത്തതുകൊണ്ട് മാത്രമാണ് തട്ടിപ്പിനിരയായവരും അവരുടെ കുടുംബങ്ങളും ഈ സമര വേദിയിലെത്തിയത്. ഇതിന് കക്ഷി രാഷ്ട്രീയമില്ല. പദയാത്രയില്‍ അണിനിരന്ന ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടി ഭാദമന്യേ പണം നഷ്ടപ്പെട്ട നിരപരാധികളായിട്ടുള്ളവരാണ്. സുരേഷ് ഗോപി നയിച്ച സമരം സഹകരണമേഖലയെ തകര്‍ക്കാനല്ല, മറിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്താനാണ്”, സുരേന്ദ്രന്‍ പറഞ്ഞു.
കരുവന്നൂരിലെ അഴിമതിക്കെതിരെ രംഗത്തു വന്നവര്‍ സാധാരണക്കാരാണ്. ഇവിടെ നടക്കുന്ന കള്ളപ്പണ ഇടപാടും അഴിമതിയും പുറത്തു കൊണ്ടു വന്നത് ഇഡിയോ ബിജെപിയോ സുരേഷ് ഗോപിയോ അല്ല. മറിച്ച് കരുവന്നൂരില്‍ പണം നിക്ഷേപിച്ചിരിക്കുന്ന പാവങ്ങളാണ്. അവര്‍ ആദ്യം പരാതി കൊടുത്തത് എകെജി സെന്ററിലും, പരാതിപ്പെട്ടത് പാര്‍ട്ടിക്കാരുമാണ്. മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയുമാണ് പരാതിയുമായി അവര്‍ ആദ്യം സമീപിച്ചത്. കുറ്റവാളികള്‍ ആരാണെന്ന് സിപിഎമ്മിന് അറിയാം. പക്ഷെ, പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ സത്യം പുറത്തു കൊണ്ടുവരാന്‍ തയ്യാറായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“സഹകരണ മേഖലയെ സുതാര്യമായി നിലനിര്‍ത്താനാണ് ജനങ്ങള്‍ക്ക് വേണ്ടി ഈ പോരാട്ടം ഞങ്ങള്‍ നടത്തുന്നത്. സഹകരണ മേഖലയിലെ പുഴുക്കുത്തുകളോട് സന്ധിയില്ലാത്ത പോരാട്ടമാണ് ഞങ്ങള്‍ നയിക്കുന്നത്. പാവപ്പെട്ടവന്റെ ചോരയും നീരും കൊണ്ടാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ വര്‍ന്നു പന്തലിച്ചത്. അല്ലാതെ അത് അദാനിയും അമ്പാനിയും നിക്ഷേപിച്ചിട്ടല്ല. കൂലിവേല ചെയ്യുന്നവന്‍, ഓട്ടോറിക്ഷ ഓടിക്കുന്നവന്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ ഇവിരുടെയെല്ലാം പണമാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും ഇവിടെ നിക്ഷേപിച്ചവരുണ്ട്. ഇവരുടെയെല്ലാം സമ്പാദ്യമാണ് കൊള്ളയടിക്കപ്പെട്ടത്”, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വേണ്ടിയുള്ള സമരമല്ല ഇവിടെ നടക്കുന്നത്. അതിന് ഞങ്ങള്‍ക്ക് സമരം നടത്തേണ്ട ആവശ്യവുമില്ല. അതുകൊണ്ട് ഈ സമരം ഒരു തരത്തിലും രാഷ്ട്രീയമല്ല. കേരളം മുഴുവന്‍ സഹകരണ കൊള്ളയ്ക്ക് യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ചാണ് നേതൃത്വം നല്‍കുന്നത്. അവര്‍ കെവൈസിയെ എതിര്‍ത്തു. സഹകരണ ബാങ്കുകളില്‍ കെവൈസി കൊണ്ടു വന്നിരുന്നുവെങ്കില്‍ ഈ തട്ടിപ്പ് ഇവിടെ നടക്കുമായിരുന്നില്ല. കേന്ദ്ര നിര്‍ദ്ദേശങ്ങളെ ഇരുപാര്‍ട്ടികളും എതിര്‍ത്തു. ആര്‍ബിഐയുടെ നിര്‍ദ്ദേശാനുസരണം രാജ്യത്തെ എല്ലാ ബാങ്കുകളും പൊതു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരണം എന്നതിനെ കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു. കേന്ദ്ര നിമയം അംഗീകരിക്കാത്തതു കൊണ്ടാണ് ലക്ഷകണക്കിന് നിക്ഷേപകര്‍ വഴിയാധാരമാകുന്നത്. കണ്ണനും കരീമും സതീശനും മാത്രമല്ല, കരുവന്നൂരിന്റെ പങ്ക് പറ്റിയവര്‍ കണ്ണൂരിലും ഉണ്ടെന്നാണ് പറയപ്പെടുന്നതെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.
“സുരേഷ് ഗോപി നയിക്കുന്ന സമരം ഒരു പദയാത്രയില്‍ ഇത് അവസാനിക്കുമെന്ന് ആരും വിചാരിക്കേണ്ട. സുരേഷ് ഗോപി ഇവിടെ തന്നെ ഉണ്ടാകും. ഈ തൃശൂരിന്റെ മണ്ണില്‍ തന്നെ ഉണ്ടാകും. അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്ന വരെ സുരേഷ് ഗോപി വടക്കുംനാഥന്റെ മണ്ണില്‍ സമരം തുടരും”, കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post