ഇന്ന് പണം വാരാനും പ്രശസ്തരാവാനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് അധികവും. യൂട്യൂബ് ചാനലിലൂടെ ചെറുതും വലുതുമായ വരുമാനം നേടുന്നവരും ഉണ്ട്. വ്യൂസ് വർദ്ധിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവർക്കിടയിൽ ഇപ്പോഴിതാ യൂട്യൂബ് ബോട്ട് വ്യാപകമായി കഴിഞ്ഞു.ഇത്തരം ബോട്ടുകൾ പണം നൽകി ഇപ്പോൾ വ്യാപകമായി പലരും യൂട്യൂബ് വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടിക്കാണിക്കാൻ ഉപയോഗിക്കുന്നുണ്ട്. വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടികാണുന്നതിലൂടെ വീഡിയോ കാണാൻ ഒരു പരിധി വരെ ഉപയോക്താക്കൾ താത്പര്യപ്പെടുമെന്നാണ് വിലയിരുത്തൽ. ഒന്ന് രണ്ട് വീഡിയോക്ക് വ്യൂവേഴ്‌സിന്റെ എണ്ണം ഇങ്ങനെ കൂട്ടി പിന്നെ ബോട്ട് ഉപേക്ഷിക്കുകയാണ് പലരുടെയും പതിവ്. കള്ളത്തരത്തിലൂടെയുള്ള വ്യൂവേസ് കൂട്ടലായതിനാൽ തന്നെ ഇത് കൊണ്ട് പ്രത്യേകിച്ച് ഒരു സാമ്പത്തിക ഗുണവും ഇല്ല. യൂട്യൂബിന്റെയും ഗൂഗിളിന്റെയും പോളിസിക്ക് എതിരായതിനാൽ എപ്പോൾ വേണമെങ്കിലും പിടിവീഴാം. ഈ ഫേക്കിങ് പരിപാടി നടത്തുന്നവർക്ക് എതിരെ നടപടിയും പിഴയും ചുമത്തുമെന്ന് വ്യക്തമാക്കുന്നതാണ് യൂട്യൂബിന്റെ ഫേക്ക് എൻഗേജ്‌മെന്റ് പോളിസി.
നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത ഫോൺ നമ്പർ ഉള്ളത് പോലെ ഇന്റർനെറ്റിൽ കണക്ട് ചെയ്തിരിക്കുന്ന ഏതൊരു ഡിവൈസിനും സ്വന്തമായി ഒരു ഐപി അഡ്രസ് ഉണ്ടാവും. യുട്യൂബ് ബോട്ടുകൾ ഉപയോഗിച്ചാൽ വ്യാജമായി നിരവധി അസോസിയേറ്റഡ് ഐപി അഡ്രസുകൾ സൃഷ്ടിക്കാൻ പറ്റും. അതായത് യഥാർത്ഥത്തിൽ ആരും വീഡിയോ കാണുന്നില്ലെങ്കിൽ കൂടി വ്യൂവേഴ്‌സിന്റെ എണ്ണം വ്യാജമായി പെരുപ്പിച്ച് കാണിക്കാൻ സാധിക്കുമെന്നാണ് പറഞ്ഞുവരുന്നത്.
യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയുടെ വ്യൂവേഴ്‌സിന്റെ എണ്ണം പ്രത്യേക ബോട്ട് ഉപയോഗിച്ച് ഫേക്കായി കൂട്ടാം. സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ യൂട്യൂബിലെ വീഡിയോ/അല്ലേൽ യൂട്യൂബ് ലൈവ് സ്ട്രീമിങ് കാണുന്ന ഓർഗാനിക് വ്യൂവേഴ്‌സ് കുറവാണെന്ന് കരുതുക, വ്യൂവേഴ്‌സിന്റെ എണ്ണം വ്യാജമായി കൂട്ടിക്കാണിക്കുന്ന ബോട്ടിന്റെ സേവനം ലഭ്യമാക്കുന്ന ഓൺലൈൻ ഏജൻസികൾക്ക് പണം നൽകി കാഴ്ചക്കാരുടെ എണ്ണം ആവശ്യാനുസരണം കൂട്ടാൻ പറ്റും.
Discussion about this post