ഐസിസി ഏകദിന ലോകകപ്പിന് ആരംഭമാവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിദഗ്ധർ എല്ലാം ടീമുകളുടെ പെർഫോമൻസ് അനുസരിച്ച് ഫൈനലിസ്റ്റുകളെയും ജേതാവിനെയും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ ഇവരേക്കാൾ ഒക്കെ കൂടുതലായി ഒരു ഇന്ത്യൻ ജ്യോതിഷിയുടെ പ്രവചനമാണ് വൈറലാവുന്നത്. നേരത്തെ പല പ്രവചനങ്ങളും അച്ചട്ടായി പറഞ്ഞ ജ്യോതിഷി ഗ്രീൻസ്‌റ്റോൺ ലോബോയാണ് ലോകകപ്പ് വിജയികൾ ആരാവുമെന്ന് പ്രവചിച്ചിരിക്കുന്നത്.
2011ലെ ലോകകപ്പിൽ ഇന്ത്യയും 2015ൽ ഓസ്ട്രേലിയയും ഏറ്റവും അവസാനം 2019ൽ ഇംഗ്ലണ്ടും ജേതാക്കളാവുമെന്നു വളരെ കൃത്യമായി പ്രവചിച്ച് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ലോബോ. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ വർഷത്തെ പ്രവചനവും തെറ്റില്ലെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്.
1996 ലെ ലോകകപ്പിനായിരുന്നു അദ്ദേഹം വിജയികളെ പ്രവചിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. പ്രവചനങ്ങൾ അസാധ്യമെന്ന് കരുതുന്ന സ്‌പോർട്‌സ് ഇനങ്ങളിൽ എന്ത് കൊണ്ട് പ്രവചനം നടത്തികൂടാ എന്നായിരുന്നു ചിന്ത. ഇതിന് പിന്നാലെ അദ്ദേഹം അന്നത്തെ ടീം ക്യാപ്റ്റൻമാരെ കുറിച്ച് ഗവേഷണം നടത്തി. ആ സമയം ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയുടെ ജാതകമാണ് ഏറ്റവും നല്ലതെന്നു കണ്ടെത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം കിരീട നേടുമെന്ന് ഞാൻ ഉറപ്പിച്ചു.
ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീം കിരീടമുയർത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 1987ൽ ജനിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇതിന്റെ കാരണം. കഴിഞ്ഞ വർഷത്തെ ഫുട്ബോൾ ലോകകപ്പിൽ ജേതാവായത് 1987ൽ ജനിച്ച അർജന്റീനയുടെ ലയണൽ മെസ്സിയായിരുന്നു. ക്രിക്കറ്റ് ലോകകപ്പിലും ഇതു തന്നെയായിരിക്കും സംഭവിക്കാൻ പോവുന്നതെന്നും ലോബോ ചൂണ്ടിക്കാട്ടി.
എന്നാൽ 1990ൽ ജനിച്ച ചില ക്യാപ്റ്റന്മാരെയും ഈ ലോകപ്പിൽ ശ്രദ്ധിക്കണം. ഇംഗ്ലണ്ടിന്റെ ജോസ് ബട്ലർ, സൗത്താഫ്രിക്കയുടെ ടെംബ ബവുമ, പാകിസ്താന്റെ ബാബർ ആസം എന്നിവരാണ് ഇതിൽപ്പെടുന്ന മൂന്നു ക്യാപ്റ്റൻമാരെന്നും ലോബോ പറഞ്ഞു. ഓസ്ട്രേലിയക്കു ഈ ലോകകപ്പിൽ കിരീടസാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 1993 ൽ ജനിച്ചതാണ് ടീമിന്റെ വിജയ സാധ്യത തള്ളിക്കളയുന്നതെന്നാണ് പ്രവചനം.
Discussion about this post