ഒട്ടാവ/ ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കാനഡ. ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ മാസം 10 ന് മുൻ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.
ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുമായി ഉത്തരവാദിത്വത്തോടെയുള്ളം പ്രവർത്തനങ്ങൾ തുടരും. അവിടുത്തെ കനേഡിയൻ കുടുംബങ്ങൾക്ക് ഇന്ത്യയുടെ സഹായം കൂടിയേ തീരു- കനേഡിയൻ പ്രധാനമന്ത്രിയെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം വ്യക്തമാക്കി.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. ഇക്കാര്യം നിഷേധിച്ച് ഇന്ത്യ രംഗത്തുവന്നതോടെ അംബാസിഡറെ കാനഡ പുറത്താക്കി. ഇതിന് പിന്നാലെ ഇന്ത്യയും സമാന നടപടി സ്വീകരിച്ചു. ആരോപണങ്ങൾ ശക്തമാക്കിയതോടെ കാനഡയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്നും ഇന്ത്യ അകലം പാലിക്കാൻ തുടങ്ങുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കാനഡ ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post