ടെഹ്‌റാൻ: ഹിജാബിന്റെ പേരിൽ ഇറാനിൽ വീണ്ടും ആക്രമണം. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് 16 കാരിയെ മതപോലീസ് ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഹിജാബ് ധരിക്കാതെ മെട്രോയിൽ സഞ്ചരിക്കുകയായിരുന്നു അർമിത ഗരവന്ദ് എന്ന പെൺകുട്ടി. ഇത് കണ്ട മതപോലീസ് ഹിജാബ് ധരിക്കാത്തത് ചോദ്യം ചെയ്ത് മെട്രോയിൽവച്ച് തന്നെ മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടി ബോധം മറഞ്ഞ് വീണു. ഇതോടെ കുട്ടിയെ മതപോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വൻ സുരക്ഷയോടെയാണ് കുട്ടിയ്ക്ക് ചികിത്സ നൽകുന്നത്. അർമിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് സൂചന. പെൺകുട്ടിയ്ക്ക് ഇതുവരെ ബോധം വന്നിട്ടില്ലെന്നാണ് വിവരം.
അടുത്തിടെ ഹിജാബ് ധരിച്ചില്ലെന്ന പേരിൽ മതപോലീസിന്റെ ആക്രമണത്തിൽ മഹ്‌സ അമീനി എന്ന പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വലിയ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനാണ് ഇറാൻ വേദിയായത്. അടുത്തിടെയാണ് സംഘർഷങ്ങളെല്ലാം പരിഹരിച്ചത്. ഹിജാബിന്റെ പേരിൽ അർമിത ആക്രമിക്കപ്പെട്ടതും മതപോലീസിനെതിരെ വ്യാപക പ്രതിഷേധത്തിന് കാരണം ആയിട്ടുണ്ട്.
അർമിതയെ ആക്രമിച്ചതിൽ മത പോലീസിനെതിരെ കുർദ് വംശജരുടെ സംഘടനയായ ഹെൻഗാവ് രംഗത്ത് എത്തി. പെൺകുട്ടി ചികിത്സയിൽ കഴിയുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രിഷേധവുമായി ഹെൻഗാവ് രംഗത്ത് വന്നത്.













Discussion about this post