ലണ്ടൻ : 2021 ഡിസംബറിൽ ആയിരുന്നു ഇംഗ്ലണ്ടിൽ 19 കാരിയായ സൈനികയെ വിൽറ്റ്‌ഷെയറിലെ ലാർഖിൽ ക്യാമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. റോയൽ ആർട്ടിലറി ഗണ്ണർ ആയ ജെയ്‌സ്‌ലി ബെക്കിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സൈനികയുടെ മരണത്തെക്കുറിച്ച് നടന്ന ആർമിതല അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഇപ്പോൾ വീണ്ടും ഈ മരണം വലിയ വിവാദമാണ് യുകെയിൽ ഉണ്ടാക്കുന്നത്. സൈനിക നിരന്തരമായി ലൈംഗിക പീഡനം നേരിട്ടിരുന്നതായി അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മരണത്തിനു മുൻപുള്ള രണ്ട് മാസക്കാലം സൈനിക മേലുദ്യോഗസ്ഥനിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു പെൺകുട്ടിയെന്ന നിലയിൽ ഇഷ്ടപ്പെടാത്ത പെരുമാറ്റത്തിന്റെ ഒരു തീവ്രമായ കാലഘട്ടമായിരുന്നു ഇതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കാരണങ്ങളാണ് ജെയ്‌സ്‌ലി ബെക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെയും മൊഴി.
2021 ഒക്ടോബറിൽ മേലുദ്യോഗസ്ഥൻ ഈ സൈനികക്ക് 1,000ത്തിലധികം വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും വോയ്‌സ്‌മെയിലുകളും അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തൊട്ടടുത്ത മാസം ഇത് 3,500-ലധികമായി ഉയർന്നു. മൊബൈൽ ഫോൺ വഴി ഈ ഉദ്യോഗസ്ഥൻ തന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സൈനിക ഭയപ്പെട്ടിരുന്നു. ബ്രിട്ടനിൽ സായുധസേനയിൽ പീഡനത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജെയ്‌സ്‌ലി ബെക്കിൻറെ മരണറിപ്പോർട്ടുകൂടി പുറത്തുവന്നതോടെ സംഭവം വിവാദമാവുകയാണ്.
Discussion about this post