ന്യൂഡല്‍ഹി: ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീയ കാരണങ്ങളാലാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഓറഞ്ച് നിറത്തിലിറക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലേയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“മനുഷ്യന്റെ കണ്ണുകള്‍ക്ക്, രണ്ട് നിറങ്ങളാണ് ഏറ്റവും കൂടുതല്‍ ദൃശ്യമാകേണ്ടത്. അവ മഞ്ഞയും ഓറഞ്ചുമാണ്. യൂറോപ്പില്‍, ഏകദേശം 80 ശതമാനം ട്രെയിനുകളിലും ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ ചേര്‍ന്നതാണ്”, അശ്വിനി വൈഷ്ണവ് പറഞ്ഞു.
മഞ്ഞയും ഓറഞ്ചും പോലെ തിളക്കമുള്ള നിറങ്ങള്‍ നിരവധിയുണ്ട്, ഉദാഹരണത്തിന് വെള്ളി നിറം. എന്നാല്‍ മനുഷ്യന്റെ കണ്ണിലേക്കുള്ള ദൃശ്യപരതയുടെ വീക്ഷണകോണില്‍ നിന്ന് അതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, മഞ്ഞയും ഓറഞ്ചുമാണ് അതില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ കാരണങ്ങളാലാണ് വിമാനങ്ങളിലെയും കപ്പലുകളിലെയും ബ്ലാക്ക് ബോക്സുകള്‍ ഓറഞ്ച് നിറത്തില്‍ നിര്‍മ്മിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന ഉപയോഗിക്കുന്ന രക്ഷാപ്രവര്‍ത്തന ബോട്ടുകളും ലൈഫ് ജാക്കറ്റുകളും പോലും ഓറഞ്ച് നിറത്തിലുള്ളതും ഇക്കാരണം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ ഓറഞ്ച്-ഗ്രേ കളര്‍ വന്ദേ ഭാരത് ട്രെയിന്‍ സെപ്റ്റംബര്‍ 24 ന് കേരളത്തില്‍ കാസര്‍ഗോട് – തിരുവനന്തപുരം റൂട്ടിലാണ്. സെപ്റ്റംബര്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളില്‍ ഒന്നാണിത്. രാജ്യത്തെ 31 ാമത് വന്ദേ ഭാരത് ട്രെയിനാണ് കാസര്‍ഗോഡ്-തിരുവനന്തപുരം റൂട്ടില്‍ നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 19നായിരുന്നു ഇതിന്റെ ട്രയല്‍ റണ്‍.
Discussion about this post