ഭാവി സുരക്ഷിതമാക്കാൻ എത്ര പെട്ടെന്നാണോ അത്രയും പെട്ടെന്ന് സമ്പാദ്യശീലം വളർത്തുന്നത് നല്ലതാണെന്നാണ് സാമ്പത്തികവിദഗ്ധർ പറയാറുള്ളത്. വിദ്യാഭ്യാസം,വിവാഹം,ചികിത്സ എന്നിവയ്ക്ക് വേണ്ടിയാണ് നാം നമ്മുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചിലവഴിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിക്കുമ്പോഴേ സമ്പാദ്യശീലം ആരംഭിച്ചാൽ അവരുടെ നല്ല ഭാവിക്കായി നല്ലൊരു തുക നമുക്ക് കണ്ടെത്താൻ സാധിക്കും. പെൺമക്കൾക്കായി നിക്ഷേപം നടത്താൻ താത്പര്യപ്പെടുന്നവർക്കുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെടുന്നൊരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. പെൺകുട്ടികളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾക്കായി മികച്ച റിട്ടേണോടെ നികുതി രഹിതമായി നിക്ഷേപിക്കാൻ പദ്ധതിയിലൂടെ സാധിക്കും. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെടുന്ന പദ്ധതി 2015 ലാണ് ആരംഭിക്കുന്നത്.
പത്ത് വയസിന് താഴെയുള്ള പെൺകുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കൂ. ബാങ്കുകൾ മുഖേനയോ, പോസ്റ്റ് ഓഫീസുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജനയിൽ പങ്കാളികളാകാം.
8 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നത്. ഒരു രക്ഷിതാവിന് മകൾ ജനിച്ചയുടൻ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ തുറക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ മകളുടെ പേരിൽ 15 വർഷത്തേയ്ക്ക് നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ പെൺകുട്ടിക്ക് 14 വയസ് തികയുന്നത് വരെ മാത്രമെ നിക്ഷേപിക്കാൻ സാധിക്കൂ.
പെൺകുട്ടിക്ക് 18 വയസാകുമ്പോൾ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാം. ബാക്കിയുള്ള തുക പെൺകുട്ടിക്ക് 21 വയസാകുമ്പോൾ പിൻവലിക്കാം. സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയിൽ നിക്ഷേപിക്കാം.
കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപ വരെയുമാണ് സുകന്യ സമൃദ്ധി യോജനയിൽ 1 വർഷത്തിൽ നിക്ഷേപിക്കാൻ സാധിക്കുക. പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയും പലിശ വരുമാനവും പൂർണമായും നികുതി മുക്തമാണ്. സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയ നിക്ഷേപം നടത്താതിരുന്നാൽ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. 15 വർഷത്തിനുള്ളിൽ അക്കൗണ്ട് തിരിച്ചെടുക്കാൻ അവസരമുണ്ട്. 50 രൂപ പിഴയടച്ച് 250 രൂപ നിക്ഷേപിച്ചാൽ അക്കൗണ്ട് പുനഃസ്ഥാപിക്കാം.
പെൺകുട്ടി ജനിച്ചയുടനെ സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ടെടുക്കുകയാണെങ്കിൽ 21-ാം വയസിൽ 67 ലക്ഷം രൂപയിലധികം കുട്ടിയുടെ പേരിൽ സമ്പാദ്യമുണ്ടാകും. വർഷത്തിൽ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപയാണ് ഇതിനായി നിക്ഷേപിക്കേണ്ടത്. മാസത്തിൽ നിക്ഷേപിക്കുന്നവർ 12500 രൂപയാണ് നിക്ഷേപിക്കേണ്ടത്. 8 ശതമാനം പലിശ നിരക്കിൽ 21 വർഷ കാലയളവിൽ നിക്ഷേപം വളർന്ന് 67 ലക്ഷം രൂപയാകും. 15 വർഷത്തേക്ക് 1.50 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ 22.50 ലക്ഷം രൂപയാണ് നിക്ഷേപിച്ച തുക. ഈ തുകയ്ക്ക് 21 വർഷത്തേക്ക് പലിശ ലഭിക്കും. ഇന്നത്തെ 8 ശതമാനം പലിശ തുടർന്നും ലഭിച്ചാൽ 47,30,097 രൂപയാണ് പലിശയായി ലഭിക്കുന്നത്. കാലാവധിയിൽ 69,80,093 രൂപ നേടാം. 2023 ൽ അക്കൗണ്ട് ആരംഭിച്ചൊരാൾ ഈ തുക നേടാൻ 2044 വരെ കാത്തിരിക്കണം.
Discussion about this post