ന്യൂഡല്‍ഹി : ഖാലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്നും നക്‌സല്‍ ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനങ്ങള്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു.
പാകിസ്താന്റെ ഐഎസ്‌ഐയുമായി ചേര്‍ന്ന് ഇന്ത്യയിലെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ വിദൂര പ്രദേശങ്ങളില്‍ ഉള്‍പ്പടെ എന്‍ഐഎ നടത്തി വരുന്ന റെയഡുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു. കശ്മീരിലെ എന്‍ഐഎ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അല്‍-ബദര്‍ സംഘടനയില്‍ നിന്ന് നേരിട്ടുള്ള ഭീഷണി കൂടാതെ വിദേശത്ത് നിന്നുള്ള ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകളും രാജ്യത്തെ മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ നടത്തി വരുന്ന റെയ്ഡുകള്‍ ആക്രമിക്കപ്പെടാനും ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നക്‌സലുകളുമായും ഖാലിസ്ഥാന്‍ ഭീകര സംഘടനകളുമായും ബന്ധമുള്ള ഇടങ്ങളില്‍ നൂറിലധികം റെയ്ഡുകളാണ് എന്‍ഐഎ നടത്തിയത്.
നേരത്തെ 2014 ല്‍ എല്ലാ സംസ്ഥാന ഭരണസംവിധാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് കത്തയച്ചിരുന്നെങ്കിലും ഭീഷണി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുതിയ കത്ത് അയച്ചത്. എന്‍ഐഎയുടെ ജോലി സ്വഭാവം കണക്കിലെടുത്ത്, അന്വേഷണങ്ങളും തെളിവുകളുടെ ശേഖരണവും ഉള്‍പ്പെടെയുള്ള അവരുടെ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ദിവസവും വിദൂര സ്ഥലങ്ങളും തീവ്രവാദ ബാധിത പ്രദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. അവിടങ്ങളില്‍ വച്ച് അവര്‍ക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഇടത് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 62 സ്ഥലങ്ങളിലാണ് കഴിഞ്ഞയാഴ്ചയില്‍ മാത്രം എന്‍ഐഎ റെയ്ഡ് നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിനെ കൂടാതെ മുജാഹിദീന്‍ ഗസ്വതുല്‍ ഹിന്ദ് എന്ന സംഘടനയും വിവരശേഖരണത്തിനായി പാകിസ്താന്റെ ഐഎസ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഐഎ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളിലെ ഉന്നത വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ അക്രമം നടക്കുമെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസും ഭീഷണി മുഴക്കിയിട്ടുണ്ട്.
Discussion about this post