ലക്നൗ : അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. എന്നാൽ മസ്ജിദ് നിർമിക്കാനായി വിട്ടുനൽകിയ ഭൂമിയിൽ ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. ഫണ്ടില്ലാത്തതിനാലാണ് മസ്ജിദിന്റെ നിർമ്മാണം ആരംഭിക്കാത്തത് എന്നാണ് ഇപ്പോൾ ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി വ്യക്തമാക്കുന്നത്. ഇവിടെ മസ്ജിദ്, ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ എന്നിവയെല്ലാം ചേർന്ന ഒരു കോംപ്ലക്സ് നിർമ്മിക്കാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. ഈ പദ്ധതിക്ക് ഏകദേശം 300 കോടി രൂപ ആവശ്യമാണെന്നും നിലവിൽ അത്രയും ഫണ്ട് ഇല്ലെന്നുമാണ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയായ അത്തർ ഹുസൈൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
അയോധ്യ പ്രശ്നവുമായി ബന്ധപ്പെട്ട 2019 നവംബറിലെ സുപ്രീം കോടതി വിധിയിൽ യുപി സുന്നി സെൻട്രൽ വഖഫ് ബോർഡിന് മസ്ജിദ് നിർമാണത്തിനായി 5 ഏക്കർ ഭൂമി വിട്ടുനൽകിയിരുന്നു. എന്നാൽ ഫണ്ടിന്റെ അഭാവം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അയോധ്യയിലെ മസ്ജിദ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമായി യുപി സുന്നി സെൻട്രൽ വഖഫ് ബോർഡാണ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചത്.
2023 ഫെബ്രുവരിയിൽ ട്രസ്റ്റ് മസ്ജിദിന്റെ നിർമ്മാണ സ്ഥലത്തിന്റെ ലേഔട്ട് സമർപ്പിക്കുകയും അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ട്രസ്റ്റിന് മസ്ജിദ് നിർമ്മിക്കാൻ ആവശ്യമായ ബജറ്റിനെക്കുറിച്ച് ധാരണ ലഭിച്ചത്. നിലവിലെ രൂപരേഖ അനുസരിച്ച് 300 കോടി രൂപയാണ് ഇതിനായി ആവശ്യമുള്ളത്. കൂടുതൽ ഇസ്ലാമിക സംഘടനകളുമായി ബന്ധപ്പെട്ട് ഫണ്ടിനായുള്ള ശ്രമം നടത്തുന്നുണ്ടെന്നും അത്തർ ഹുസൈൻ വ്യക്തമാക്കി.
Discussion about this post