എറണാകുളം: മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. നാല് പേർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. മൂന്ന് പേരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു.
കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്‌സ്‌മെൻറിന്റെയും കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. ഇവർക്കൊപ്പം മത്സ്യത്തൊഴിലാളികളുമുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ഫൈബർ ബോട്ട് കടലിൽ മുങ്ങിയത്.
മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് ഇന്നലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഷാജി, ശരത്, മോഹനൻ,രാജു, എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. 4 മണിക്കൂർ നേരം കുടിവെള്ള കാനിൽ തൂങ്ങിക്കിടന്നാണ് ജീവൻ രക്ഷിച്ചതെന്ന് കരയ്‌ക്കെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.












