തൃശൂർ :ആഡംബര വാഹനങ്ങളിൽ ലഹരിക്കടത്ത് നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളായ മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) കറുപ്പംവീട്ടില്‍ റഷീദ് (37) എന്നിവരെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നും പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണിവർ.
വിയ്യൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്ക് ഇടയിലാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിൽ നിന്നുമായി നിരോധിത ലഹരി വസ്തുക്കൾ വൻതോതിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാർക്ക് വിൽക്കുകയാണിവർ ചെയ്യുന്നത്. പ്രതികളില്‍നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളും പതിനേഴായിരം രൂപയും മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു. ആഡംബര വാഹനങ്ങളിൽ ഡോക്ടർ ചിഹ്നം ഉപയോഗിച്ചായിരുന്നു പ്രതികൾ ലഹരി കടത്ത് നടത്തിയിരുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസം ബംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ഒറ്റപ്പാലത്ത് ശേഖരിച്ചു വയ്ക്കുകയാണ് പതിവ്. പിന്നീട് ഇത് വിവിധസ്ഥലങ്ങളിലുള്ള ഇടനിലക്കാർക്ക് എത്തിച്ചുകൊടുക്കും. സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
Discussion about this post