ന്യൂഡൽഹി: ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഭാരതം. ആഗോളതലത്തിൽ എല്ലാവരും ബഹുമാനിക്കുന്ന രാജ്യമായി മാറിയ ഇന്ത്യ എല്ലാ മേഖലകളിലും നമ്പർ വൺ ആകാൻ കുതിക്കുകയാണ്. ചൈനയൈയും അമേരിക്കയേയും മറികടന്ന് ഇന്ത്യ ഇന്ന് പല മേഖലകളിലും ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇത് പോലെ മറ്റൊരു വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയെന്ന് പറയുകയാണ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
2027ഓടെ ചൈനയെ തോൽപിച്ച് ലോകത്തെ ഒന്നാം നമ്പർ വാഹന നിർമ്മാതാവാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് നിതിൻ ഗഡ്കരി വ്യക്തമാക്കുന്നത്. പ്രാഗിൽ നടന്ന 27-ാമത് വേൾഡ് റോഡ് കോൺഗ്രസിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 3-4 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി ഒമ്പത് വർഷം മുമ്പ് 4.5 ലക്ഷം കോടി രൂപയിൽ നിന്ന് പല മടങ്ങ് വളർന്ന് 12.5 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി മാറി. നിലവിൽ അമേരിക്കയും ചൈനയുമാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് മന്ത്രി വെളിപ്പെടുത്തി. എൻജീനിയറിംഗ് കഴിവുകൾ, കുറഞ്ഞ വേതനം, അനുകൂലമായ സർക്കാർ നയങ്ങൾ ഇതെല്ലാം ഈ സ്ഥാനത്തേക്ക് എത്താൻ ഇന്ത്യയെ സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post