ന്യൂഡൽഹി : കേരളം ഇതുവരെയും സംഭരിച്ച നെല്ലിന്റെ കണക്ക് നൽകിയില്ലെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. സംഭരിച്ച നെല്ലിന്റെ കണക്ക് നൽകിയ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ പണം നൽകി കഴിഞ്ഞു. എന്നാൽ കേരളം ഇപ്പോഴും രാഷ്ട്രീയം കളിക്കുകയാണെന്നും ശോഭ കരന്തലജെ കുറ്റപ്പെടുത്തി.
“എത്ര നെല്ല് സംഭരിച്ചു, അതില്‍ എത്ര വിതരണം ചെയ്തു എന്നുള്ളതിന്റെ കണക്ക് നല്‍കിയാല്‍ മാത്രമേ കേന്ദ്രസർക്കാരിന് പണം നൽകാൻ സാധിക്കുകയുള്ളൂ. കൃഷിയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കേന്ദ്രസർക്കാർ പദ്ധതികളോടും കേരളം വിമുഖത കാണിക്കുകയാണ്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ കൃഷി വികാസ് യോജന വഴി ഫണ്ട് നൽകുന്നുണ്ട്. ടെസ്റ്റിംഗ് ലാബുകളും കോള്‍ഡ് സ്റ്റോറേജുമെല്ലാം നിര്‍മ്മിക്കാന്‍ ഇതുവഴി ഫണ്ട് ലഭിക്കും. അതിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ പണം കേന്ദ്രസർക്കാർ നൽകുന്നതാണ്. എന്നാൽ ഈ പദ്ധതിയിൽ കേരളം ഇതുവരെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയ്യാറാക്കുകയോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല” എന്നും കേന്ദ്ര കൃഷി സഹമന്ത്രി വ്യക്തമാക്കി.
കർഷകരെ ദുരിതത്തിലാക്കുന്ന നടപടികളാണ് കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ശോഭ കരന്തലജെ കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പതിനഞ്ചോളം സഹകരണ ബാങ്കുകളിലായി ആയിരക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. എന്നാൽ ഈ തട്ടിപ്പ് നടത്തിയ നേതാക്കളെയും എംഎൽഎയെയും എല്ലാം സംരക്ഷിക്കുന്ന നടപടിയാണ് കേരള സർക്കാർ കൈക്കൊള്ളുന്നത്. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ നടപടിയെടുക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും ശോഭ കരന്തലജെ ആവശ്യപ്പെട്ടു.
Discussion about this post